സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ്

12:20 0m 9/5/2017

ന്യൂഡൽഹി: കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റീസ് കർണൻ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്.

ജസ്റ്റീസ് കർണനെ ഉടൻ ജയിലിലടയ്ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജഡ്ജിയായതിനാൽ ശിക്ഷാ വിധിയിൽനിന്നു കർണനെ മാറ്റിനിർത്താൻ കഴിയില്ല. കോടതിയലക്ഷ്യം, കോടതിയലക്ഷ്യം തന്നെയാണ്. തൊലിയുടെ നിറത്തിനനുസരിച്ചല്ല കോടതിയലക്ഷ്യത്തിനു ശിക്ഷിയ്ക്കുന്നത്. കർണന് മാനസികാസ്വാസ്ഥ്യമില്ല. നിയമം എല്ലാ പൗരൻമാർക്കും ഒന്നാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുമായി ബന്ധപ്പെട്ട് കർണന്‍റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നതിന് സുപ്രീം കോടതി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.

ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിനെയും സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വർഷത്തെ കഠിന തടവിനു ജസ്റ്റീസ് കർണൻ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. എസ‌്സി/എസ്ടി ആക്ട് പ്രകാരം ജാതിവിവേചനം നടത്തിയെന്നും ന്യായാധിപനെന്ന തന്‍റെ സ്ഥാനത്തെ മാനിക്കാതെ ദളിതനായ തന്നെ അവഹേളിച്ചെന്നും ജസ്റ്റീസ് കർണൻ പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമുതൽ ജസ്റ്റീസ് കർണനെ നിയമനിർവഹണ- ഭരണ ചുമതലകളിൽനിന്നു ചീഫ് ജസ്റ്റീസ് മാറ്റിനിർത്തിയിരിക്കുകയാണ്. ഇതിനിടെ, സുപ്രീം കോടതിയുടെ നിർദേശപ്രകാരം മേയ് നാലിന് ജസ്റ്റീസ് കർണന്‍റെ മാനസികനില പരിശോധിക്കാൻ വിദഗ്ധരായ ഡോക്ടർമാർ അടങ്ങുന്ന സംഘം എത്തിയിരുന്നു . എന്നാൽ ഇവരെ പരിശോധിക്കാൻ കർണൻ അനുമതി നൽകിയില്ല.