സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍.

08:57 am 28/11/ 2016
images (1)

തിരുവനന്തപുരം: ഇനിമുതല്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍. സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 42 വര്‍ഷത്തെ സംഘ്പരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കരമന മേലാറന്നൂര്‍ സ്വദേശിയായ താന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സജീവ പ്രവര്‍ത്തനത്തില്‍ ഇല്ളെന്നും ഇദ്ദേഹം പറഞ്ഞു.
കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ല പ്രചാരക്, കണ്ണൂര്‍ വിഭാഗ് പ്രചാരക്, തിരുവനന്തപുരം-കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ താന്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും മനുഷ്യത്വപരമായ സമീപനം നേതൃത്വത്തില്‍ നിന്നുണ്ടാവുന്നില്ല. നോട്ട് നിരോധന വിഷയത്തില്‍ ബി.ജെ.പി എടുത്ത നിലപാട് കൂടിയായപ്പോള്‍ ഇനിയും സഹിക്കാനാവില്ളെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പത്മകുമാറിന് പാര്‍ട്ടി അംഗത്വം നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അര്‍ഹമായ സ്ഥാനം നല്‍കും. സ്ഥാനങ്ങള്‍ നല്‍കാമെന്ന പരിഗണനയിലല്ല വന്നത്. ജില്ലയില്‍ ആര്‍.എസ്.എസിന്‍െറ തെറ്റായ നയത്തിന് എതിരായി സംഘടനക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. 150 ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അടുത്ത ദിവസം തന്നെ ഗാന്ധിപാര്‍ക്കില്‍ സി.പി.എം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.