സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി.

08:59 am 28/11/2016
images (2)
ന്യൂഡല്‍ഹി: സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി. നികുതി വെട്ടിപ്പുകാരുടെ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നു ചൂണ്ടിക്കാട്ടി ഒരു മാസത്തിനിടെ 20ഓളം അപേക്ഷകളാണ് ഇന്ത്യ സ്വിറ്റ്സര്‍ലന്‍ഡിന് അയച്ചത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മുന്‍ സി.ഇ.ഒ, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുന്‍ ഉദ്യോഗസ്ഥന്‍െറ ഭാര്യ, ദുബൈയിലെ ഇന്ത്യന്‍ ബിസിനസുകാരന്‍, യു.എ.ഇയിലെ ഇന്ത്യന്‍ കമ്പനി, ഗുജറാത്തിലെ ചില ബിസിനസുകാര്‍, പ്രമുഖ കമ്പനികള്‍ തുടങ്ങിയവരുടെ വിവരങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പാനമ, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ് എന്നിവ വഴിയും ഇവര്‍ നിക്ഷേപം നടത്തിയതായി സംശയിക്കുന്നു.

വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാറില്‍ അടുത്തിടെ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് പുതുതായി അക്കൗണ്ട് തുടങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ 2018 സെപ്റ്റംബറോടെ ഇന്ത്യക്ക് കൈമാറാമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് സമ്മതിച്ചിരുന്നു. 2019ഓടെ ഇവരുടെ അക്കൗണ്ട് വിവരങ്ങളും നല്‍കാമെന്നാണ് കരാര്‍.