സീറോ മലബാര്‍ കത്തീഡ്രലില്‍ കരുണയുടെ ജൂബിലി വര്‍ഷ സമാപനം ഭക്തിനിര്‍ഭരമായി

10:31 am 24/11/2016

– ബീനാ വള്ളിക്കളം
Newsimg1_99361238
ഷിക്കാഗോ: ഫ്രാന്‍സീസ് പാപ്പാ പ്രഖ്യാപിച്ച പ്രത്യേക കാരുണ്യ വര്‍ഷത്തിന്റെ സമാപനവും അതോടനുബന്ധിച്ച് നടന്ന 40 മണിക്കൂര്‍ ആരാധനയും ക്രിസ്തുരാജ തിരുനാളായ നവംബര്‍ 20-നു സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം നടന്നു.

ഞായറാഴ്ച രാവിലെ 10.30-നു ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും കാരുണ്യ വര്‍ഷാവസാന പ്രാര്‍ത്ഥനകളും നടന്നു. കരുണയുടെ വര്‍ഷത്തില്‍ പ്രത്യേകമായി കരുണാ കവാടത്തിലൂടെ ദണ്ഡവിമോചനം പ്രാപിക്കുവാന്‍ വിശ്വാസികള്‍ക്കു നല്‍കിയ ആനുഗ്രഹത്തിന് പിതാവ് ദൈവത്തിനു നന്ദി പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വം എങ്ങനെ സഭയുടെ കാഴ്ചപ്പാടില്‍ എന്നതു വളരെ ലളിതമായ ഭാഷയില്‍ പിതാവ് വിശദീകരിക്കുകയുണ്ടായി. കരുണയുടെ ജപമാലയ്ക്കും ദിവ്യബലിക്കുംശേഷം കരുണാ കവാടം അടച്ചതോടെ ഒരുവര്‍ഷം നീണ്ടുനിന്ന കാരുണ്യവര്‍ഷം ഔദ്യോഗികമായി അവസാനിച്ചു. എങ്കിലും കാരുണ്യവര്‍ഷത്തിന്റെ അരൂപിയും അന്തസത്തയും ചോര്‍ന്നു പോകാതെ ജീവിതവഴികളില്‍ കാത്തുസൂക്ഷിക്കുവാന്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ വിശ്വാസികളോട് പറഞ്ഞു.

അസിസ്റ്റന്റ് വികാരി ഫാ. ജെയിംസ് ജോസഫ്, ഫാ. ബെഞ്ചമിന്‍, ഫാ. ജോനാസ് ചെറുനിലത്ത്, ഫാ. ജോസ് കപ്പലുമാക്കല്‍ എന്നീ വൈദീകരും വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കുചേരുകയുണ്ടായി.