സീറോ മലബാര്‍ കത്തീഡ്രലില്‍ ദുഖവെള്ളിയും ഉയിര്‍പ്പ് തിരുനാളും ഭക്തിസാന്ദ്രം

10:08am 4/4/2016

ജോയിച്ചന്‍ പുതുക്കുളം
zeromalabarholyweek_pic2
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റേയും, കാല്‍വരി മലയിലെ മഹനീയ ത്യാഗത്തിന്റേയും, മഹത്വപൂര്‍ണമായ ഉത്ഥാനത്തിന്റേയും ഓര്‍മ്മദിനങ്ങള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വം ആചരിച്ചു.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് രണ്ടുദിവസവും ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളുടെ മുഖ്യകാര്‍മികത്വം വഹിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും നടന്ന തിരുകര്‍മ്മങ്ങളില്‍ രൂപതാ വികാരി റവ.ഡോ. അഗസ്റ്റിന്‍ പലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, ഫാ. സ്‌കറിയ തോപ്പില്‍, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ സഹകാര്‍മികരായി.

ദുഖവെള്ളിയാഴ്ച വൈകിട്ട് 5.30-ന് ആരംഭിച്ച കുരിശിന്റെ വഴി പ്രാര്‍ത്ഥനകളില്‍ ഏവരും ഭക്തിപുരസരം പങ്കെടുത്തു. തുടര്‍ന്നു പീഢാനുഭവ വായനയും, തിരുകര്‍മ്മങ്ങളും നടന്നു.

ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന ഭക്ത്യാദരപൂര്‍വമവായ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും വിശ്വാസാനുഭവമായി. ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകളും, മനോഹരമായ ദൃശ്യാവിഷ്‌കാരവും ഏറെ മനോഹരമായി. കരുണയുടെ വര്‍ഷാചരണത്തില്‍, കരുണയുടേയും സ്‌നേഹത്തിന്റേയും ഉന്നതോദാഹരണമായ പീഢാനുഭവ-കുരിശുമരണ- ഉയിര്‍പ്പ് തിരുനാളിന്റേയും ഓര്‍മ്മയില്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഏവരേയും ആഹ്വാനം ചെയ്തു.

പീഢാനുഭവവാര തിരുകര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുത്ത ഏവര്‍ക്കും റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൃതജ്ഞത അറിയിച്ചു. ഇംഗ്ലീഷിലെ തിരുകര്‍മ്മങ്ങള്‍ക്കായി അതിമനോഹരമായി നടത്തിയ സജ്ജീകരണങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും ഇടവകയിലെ കുട്ടികളെ അച്ചന്‍ പ്രത്യേകം അഭനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.