സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

01:59pm 10/4/2016
1460230357_n1004k

കുറവിലങ്ങാട് : ലിബിയയിലെ ഭീകരപ്പോരാട്ടങ്ങള്‍ക്കിടയില്‍പ്പെട്ടു മരിച്ച സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

കഴിഞ്ഞ 25നു ലിബിയയിലെ സബ്രത്തില്‍ ഷെല്ലാക്രമണത്തിലാണു വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂളിനു സമീപം തുളസി ഭവനില്‍ വിപിന്‍ കുമാറിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ്(രണ്ട്) എന്നിവര്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും ഭൗതികശരീരം ഇന്നലെ ഒരേ ചിതയില്‍ എരിഞ്ഞടങ്ങി. ട്രിപ്പോളി മെഡിക്കല്‍ സെന്ററില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത് രണ്ട് പെട്ടികളിലായാണു മൃതദേഹങ്ങള്‍ ലിബിയയില്‍നിന്നയച്ചത്. റോഡ് മാര്‍ഗം ട്യൂണീഷ്യയിലേക്കും തുടര്‍ന്ന് കുവൈത്ത് വഴി നെടുമ്പാശേരിയിലും എത്തിക്കുകയായിരുന്നു. രാവിലെ 11.30നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായെത്തിയ അന്‍വര്‍ സാദത്ത് എം.എല്‍.എ., മീനച്ചില്‍ അഡീഷനല്‍ തഹസീല്‍ദാര്‍ എം.എസ്. സെബാസ്റ്റിയന്‍, വില്ലേജ് ഓഫീസര്‍ സ്വപ്‌ന എസ്. നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെളിയന്നൂരിലെ വീട്ടുവളപ്പില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ചടങ്ങുകള്‍ക്കുശേഷം ഒരു ചിതയിലാണു മൃതദേഹങ്ങള്‍ ദഹിപ്പിച്ചത്.കൊണ്ടാട് കരോട്ട്കാരുര്‍ (കുഴിപ്പില്‍) സത്യന്‍ നായരുടെയും വെളിയന്നൂര്‍ അറയ്ക്കപറമ്പില്‍ കുടുംബാഗം സതിയുടെയും മകളാണു സുനു.
ലിബിയയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു സുനുവിന്റെ ഭര്‍ത്താവ് വിപിന്‍ കുമാര്‍. അദ്ദേഹത്തിന് അനുവദിച്ച ആശുപത്രി ക്വാര്‍ട്ടേഴ്‌സിന്റെ മുകളില്‍ ഷെല്ല് പതിക്കുകയായിരുന്നു. സ്‌ഫോടനശബ്ദം കേട്ടതോടെ വിപിന്‍കുമാര്‍ പുറത്തിറങ്ങി അന്വേഷണം നടത്തി. ഇതേ സമയം വീണ്ടും ആക്രമണമുണ്ടായി. ക്വാട്ടേഴ്‌സിനു മുകളില്‍പതിച്ച ഷെല്ലാണു സുനുവിന്റെയും പ്രണവിന്റെയും ജീവനെടുത്തത്.
ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകാന്‍ ഉണ്ടായ കാലതാമസവും ആഭ്യന്തര കലാപം രൂക്ഷമായതും മൂലം മൃതദേഹം നാട്ടിലെത്തിക്കാന്‍ പതിനഞ്ച് ദിവസം വേണ്ടിവന്നു.