ട്വീറ്റുകള്‍ നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം

01:57pm 10/4/2016
images
മെസേജിങ് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ഇമോട്ടിക്കോണ്‍, ജിഫ് ചിത്രങ്ങള്‍ തുടങ്ങിയ അപ്‌ഡേറ്റുകള്‍ക്കു ശേഷം പുതിയൊരു ഫീച്ചറുമായി ട്വിറ്ററെത്തുന്നു. ട്വീറ്റുകള്‍ വ്യക്തിഗത സന്ദേശങ്ങളായി നേരിട്ട് അയയ്ക്കുന്നതിനു വഴിയൊരുക്കുന്നതാണു പുതിയ ഫീച്ചര്‍. ഇനി മുതല്‍ ട്വീറ്റുകള്‍ക്കു താഴെയായി കാണുന്ന ‘ങീൃല’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഷെയര്‍ എ ട്വീറ്റ് വിയ ഡയറക്ട് മെസേജ് ഫീച്ചര്‍ പ്രത്യക്ഷപ്പെടും.

സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പിലുമൊക്കെയായി ദിവസേന ദശലക്ഷക്കണക്കിനു സ്വകാര്യ സന്ദേശങ്ങളാണ് ട്വിറ്ററില്‍ ഓരോ ദിവസവും ഉപയോക്താക്കള്‍ അയയ്ക്കുന്നത്. 2015 ല്‍ സ്വകാര്യ സന്ദേശങ്ങളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനയുണ്ടായെന്ന് ട്വിറ്റര്‍ അവകാശപ്പെടുന്നു. അതേ സമയം ട്വീറ്റുകള്‍ സ്വകാര്യ സന്ദേശമായി അയയ്ക്കുന്നതില്‍ 200 ശതമാനം വളര്‍ച്ചയുണ്ടായെന്നും കമ്പനി തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചു.

ട്വീറ്റുകള്‍ നേരിട്ട് സന്ദേശമായി അയയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറിന് ഏറെനാളായി ആവശ്യം ഉയരുന്നുണ്ടായിരുന്നു. ഇതാണ് തങ്ങളെ പുതിയ ഫീച്ചര്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നു ട്വിറ്റര്‍ വെളിപ്പെടുത്തി. ട്വീറ്റുകളില്‍ നിന്ന് ഡയറക്ടായി സ്വകാര്യ സന്ദേശമയയ്ക്കുന്നതിനു ഇനി മുതല്‍ ഏതാനും ക്ലിക്കുകള്‍ മതിയാകും. പുതിയ ഫീച്ചറിലൂടെ ട്വിറ്റര്‍ മെസേജിങ്ങിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

2016 ഫെബ്രുവരി 17ാം തീയതി ജിഫ് ചിത്രങ്ങള്‍ക്കായുള്ള അപ്‌ഡേഷന്‍ ട്വിറ്റര്‍ നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് 2015, ഒക്ടോബര്‍ ആറാം തീയതി ഇമോജി ഫീച്ചറും നല്‍കിയിരുന്നു. ഇതിനു മുന്‍പായി സ്വകാര്യ സന്ദേശങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന 140 ക്യാരക്ടര്‍ പരിധിയും ഒഴിവാക്കി. ഓഗസ്റ്റ് മാസത്തിലാണ് ഈ പരിധി എടുത്തു കളഞ്ഞത്. ഗ്രൂപ്പില്‍ വലിയ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള ഫീച്ചര്‍, മൊബൈല്‍ വിഡിയോ ഫീച്ചര്‍ എന്നിവയ്ക്കു പുറമെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു.