സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം

09:36 am 18/9/2016

– പി. പി. ചെറിയാന്‍
Newsimg1_15669620
ഡാളസ്സ്: ഗ്ലോബല്‍ ഹിന്ദു ഹെറിട്ടേജ് ഫൗണ്ടേഷന്റെ ക്ഷണമനുസരിച്ച് ഡാളസ്സില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ രാജ്യ സഭാംഗവും, സീനിയര്‍ ബി. ജെ. പി. നേതാവുമായ ഡോ. സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഹരിരാമ സുബ്ബുവിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ (ചൊവ്വാഴ്ച) സെപ്റ്റംബര്‍ 13 പ്ലാനോ ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. പ്രകാശ് റാവു സ്വാമിയെ സമ്മേളനത്തിന് പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഡോ. റാവു വിശദീകരിച്ചു.

വിവിധ മതാനുഷ്ടാനങ്ങളും, വിശ്വാസങ്ങളും സമന്വയിക്കുന്ന ഒരമ കുടുംബമാണ് അമേരിക്ക. ഇതിന് സമാനമായ രാജ്യമാണ് ഇന്ത്യയും. ഇവിടെ വ്യത്യസ്ഥ മതങ്ങളിലുള്ളവര്‍ക്ക് അവരവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും, ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്നതിനുമുള്ള സ്വാതന്ത്രം ഭരണഘടനലനല്‍കിയിട്ടുണ്ട്. ഇന്ത്യ രാജ്യത്തിന്റെ ചരിത്രം ഹിന്ദുയിസവുമായി അഭേദ്യമായി ബന്ദപ്പെട്ടതാണ്. ഹൈന്ദവ മൂല്ല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ പൗരനിലും നിക്ഷിപ്തമാണ്. അതോടൊപ്പം ക്രൈസ്തവ, മുസ്ലീം മത മൂല്ല്യങ്ങളും സംരക്ഷിക്കുവാനും നാം ബാധ്യസ്ഥരാണ് സ്വാമി തന്റെ മുഖ്യപ്രഭാഷണത്തില്‍ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ്, രാമക്ഷേത്രം എന്നീ വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാനും സ്വാമി സമയം കണ്ടെത്തി.

ഡാളസ്സില്‍ നിന്നുള്ള വിവിധ ഹൈന്ദവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഡോ. കിഷോര്‍ (പ്രസിഡന്റ് DFW ഹിന്ദു ക്ഷേത്രം), ഡോ. ജെയ കുമാര്‍, പ്രശാന്ത് പട്ടേല്‍, ഡോ അനൂപ് ഷെട്ടി, ഡോ. രേണുക തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിന് നേതൃത്വം നല്‍കി. പ്രവര്‍ത്തി ദിവസമായിട്ടും അഞ്ഞൂറില്‍പരം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ ഡോ. ഗോപാല്‍ പൊന്നങ്കി പ്രത്യേകം നന്ദി രേഖപ്പെടുത്തി.