സെപ്തംബര്‍ 11: സൗദിക്കെതിരായ സെനറ്റിലെ നീക്കത്തെ ഒബാമ എതിര്‍ക്കും

07:39 pM 22/04/2016
download (1)
റിയാദ്: 2001 സെപ്തംബര്‍ 11ലെ ലോകവ്യാപാരകേന്ദ്ര ആക്രമണ കേസില്‍ സൗദി അറേബ്യക്കെതിരായ അമേരിക്കന്‍ സെനറ്റിലെ നീക്കത്തെ പിന്തുണക്കില്ളെന്ന് വൈറ്റ് ഹൗസ്. സംഭവുമായി ബന്ധപ്പെട്ട് ചില സെനറ്റ് അംഗങ്ങള്‍ കൊണ്ടുവരുന്ന ബില്ലിനെ പ്രസിഡന്‍റ് ഒബാമ എതിര്‍ക്കുമെന്നും സൗദിക്കെതിരായ പരാമര്‍ശം നീക്കാതെ ബില്ലില്‍ ഒപ്പിടില്ളെന്നും വൈറ്റ് ഹൗസ് വക്താവ് ജോഷ്വാ ഏണസ്റ്റ് പറഞ്ഞു. ചൊവ്വാഴ്ചയിലെ സെനറ്റ് യോഗത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന സ്പീക്കര്‍ പോള്‍ റയാന്‍ ബില്ല് സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതല്ളെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പരിഗണിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു.
സൗദി ഭരണാധികാരികളെ കാണുന്നതടക്കം സുപ്രധാന ദൗത്യങ്ങളുമായി പ്രസിഡന്‍റ് നടത്തുന്ന പശ്ചിമേഷ്യന്‍ പര്യടനത്തിനിടയില്‍ ബില്ല് സെനറ്റില്‍ വരില്ളെന്നും സ്പീക്കര്‍ ഉറപ്പ് നല്‍കിയിരുന്നു. വിദേശങ്ങളിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് പലതരത്തിലും നിയമപരമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ് ബില്ളെന്നും അതുകൊണ്ടു തന്നെ വൈറ്റ് ഹൗസ് എതിര്‍ക്കുമെന്നും ജോഷ്വാ ഏണസ്റ്റ് വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ നിയമനടപടികള്‍ക്ക് മുതിരാനുള്ള സാധ്യത അമേരിക്കന്‍ പൗരന്മാര്‍ക്ക് തുറന്നുകൊടുത്താല്‍ അമേരിക്കക്കും പൗരന്മാര്‍ക്കുമെതിരെ സമാന നിലയില്‍ നീങ്ങാനുള്ള അവസരം മറ്റ് രാജ്യങ്ങള്‍ക്കും ലഭിക്കുമെന്ന് സി.ബി.എസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ അഭിപ്രായപ്പെട്ടിരുന്നു. അത്തരം സാധ്യതകളുടെ നിരന്തരമായ ദുരുപയോഗവുമുണ്ടാകും.
ഭീകരതയുടെ സ്പോണ്‍സര്‍മാരെ കണ്ടത്തെി നീതി നടപ്പാക്കുന്നതിന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ഈ വര്‍ഷം ജനുവരിയില്‍ പാസാക്കിയ ബില്ലിനെയാണ് ഒബാമയും വൈറ്റ് ഹൗസും എതിര്‍ക്കുന്നത്. അമേരിക്കന്‍ സെനറ്റിലോ ജനപ്രതിനിധി സഭയിലോ സംവാദത്തിന് വെക്കാന്‍ ബില്ലിന് ഇതുവരെ അവതരണാനുമതി ലഭിച്ചിട്ടില്ല.