സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഇന്ന് 15 വയസ്സ്.

08:37 AM 11/09/2016
images (3)
വാഷിങ്ടണ്‍: അമേരിക്കന്‍ അജയ്യതയുടെ പര്യായങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്‍ററും പെന്‍റഗണും തകര്‍ത്തെറിഞ്ഞ സെപ്റ്റംബര്‍ 11 ആക്രമണത്തിന് 15 ആണ്ട് തികഞ്ഞു. വിദേശീയരായ അക്രമികള്‍ നാലു യു.എസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേറ്റു. അല്‍ഖാഇദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപനം. 1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു ഇത്. 2001നു മുമ്പും എണ്ണമറ്റ ആക്രമണങ്ങള്‍ക്ക് യു.എസ് വേദിയായിരുന്നു. 1993ല്‍ വേള്‍ഡ് ട്രേഡ് സെന്‍ററിനു നേരെ നടന്ന കാര്‍ബോംബ് സ്ഫോടനം അത്തരത്തിലൊന്നായിരുന്നു. അന്ന് കെട്ടിടത്തിന്‍െറ ഏഴു നിലകള്‍ തകരുകയും ആറു പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോംബാക്രമണത്തിന് പിന്നിലെ ശക്തികേന്ദ്രങ്ങളെന്നു കരുതുന്നവര്‍ അറസ്റ്റിലായി. 1998ല്‍ യു.എസിലെ കെനിയന്‍, താന്‍സാനിയന്‍ എംബസികള്‍ക്കു നേരെയും ആക്രമണമുണ്ടായി. പിന്നീട് 2000യിരത്തിലും ആക്രമണം നടന്നു. എന്നാല്‍, വലിയൊരു ദുരന്തത്തിന്‍െറ സൂചനയായി ഇതൊന്നും അമേരിക്കന്‍ ഭരണകൂടം മുഖവിലക്കെടുത്തിരുന്നില്ല.

ഭീകരതക്കെതിരെ യുദ്ധം

സെപ്റ്റംബര്‍ 11നു ശേഷം അമേരിക്ക ഭീകരതക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു.യു.എസില്‍ മാത്രമൊതുങ്ങിയില്ല അത്. അതിന്‍െറ ഭാഗമായി 2001ല്‍ അഫ്ഗാന്‍ അധിനിവേശവും 2003ല്‍ ഇറാഖ് അധിനിവേശവും നടന്നു. ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും അമേരിക്ക നീക്കം തുടങ്ങി. തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു ഈ രാജ്യങ്ങളില്‍ അമേരിക്കയുടെ ഇടപെടല്‍. അഫ്ഗാനില്‍ താലിബാനെയും അല്‍ഖാഇദയെയും തുരത്താനായിരുന്നു പ്രസിഡന്‍റായിരുന്ന ജോര്‍ജ് ബുഷ് കോണ്‍ഗ്രസിന്‍െറ അനുമതി വാങ്ങി സൈനിക നീക്കത്തിന് ഉത്തരവിട്ടത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ തുടര്‍ന്ന് അല്‍ഖാഇദയും ഇറാഖ് ഇന്‍റലിജന്‍സ് സര്‍വിസും പരസ്പര ബന്ധിതമാണ് എന്നാരോപിച്ചായിരുന്നു ഇറാഖ് അധിനിവേശം. മാനവരാശിയെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങളും ആയുധ ഫാക്ടറിയും ഇറാഖിന്‍െറ കൈവശമുണ്ടെന്ന അമേരിക്കയുടെ വാദം പിന്നീട് പൊളിഞ്ഞു. സെപ്റ്റംബര്‍ ആക്രമണത്തിന്‍െറ സൂത്രധാരനെന്നു കരുതുന്ന അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്‍െറ തലക്ക് 250 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. 10 വര്‍ഷത്തെ വേട്ടക്കുശേഷം 2011 മേയ് രണ്ടിന് ഉസാമയെ കീഴടക്കി. ആബട്ടാബാദിലെ ഒളിത്താവളത്തില്‍ വെച്ച് ഉസാമയെയും അംഗരക്ഷകരെയും വെടിവെച്ചു കൊല്ലുകയായിരുന്നു.

ഐ.എസിന്‍െറ ഉദയം

എന്നാല്‍, ഭീകരതക്കെതിരെ യുദ്ധം കൂടുതല്‍ ഭീകരരെ സൃഷ്ടിക്കുകയാണ് ചെയ്തത്. അഫ്ഗാനിസ്താനില്‍ താലിബാനെയും അല്‍ഖാഇദയെയും വളര്‍ത്തിയതുപോലെ അമേരിക്കയുടെ മറ്റൊരു ഉല്‍പന്നമാണ് ഇ സ്ലാമിക് സ്റ്റേറ്റ്. സദ്ദാം ഹുസൈന്‍െറ പതനശേഷമാണ് ഇറാഖില്‍ ഐ.എസ് ആധിപത്യം നേടിയത്. അമേരിക്കയെയും ഐ.എസ് വെറുതെ വിട്ടില്ല. ഒര്‍ലാന്‍ഡോ, സാന്‍റ് ബെര്‍ണാഡിനോ ആക്രമണങ്ങള്‍ ഉദാഹരണം. അമേരിക്കക്കു വെളിയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുക്കുന്ന തലത്തിലത്തെി. ഈ തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധങ്ങളും പണവും നല്‍കുന്നത് അമേരിക്കയാണെന്ന് ആരോപണം ശ്രദ്ധിക്കാതിരുന്നുകൂടാ.

9/11 ആവര്‍ത്തിക്കുമോ?

പഴുതടച്ച സുരക്ഷയാണ് രാജ്യമെങ്ങും. സെപ്റ്റംബര്‍ 11ലെ പോലൊരു ആക്രമണം അമേരിക്കയില്‍ നടക്കുമോ എന്നതിന് ഇല്ല എന്ന് തീര്‍ത്തു പറഞ്ഞുകൂടാ. ഇനിയൊരാക്രമണമുണ്ടായാല്‍ അമേരിക്കന്‍ മുസ്ലിംകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാവും. വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിലനിന്നിരുന്ന സ്ഥാനത്ത് മ്യൂസിയവും സ്മാരകവും 1776 അടി ഉയരമുള്ള വ്യാപാരസമുച്ചയവുമാണുള്ളത്. ഇവിടെ മറ്റു കെട്ടിടങ്ങളും ആകാശഗോപുരങ്ങളും പണിയാന്‍ ആലോചനയുണ്ടായിരുന്നു. പെന്‍റഗന്‍െറ ഭാഗത്തും ഇരകള്‍ക്കായി സ്മാരകം ഒരുക്കിയിട്ടുണ്ട്. ആക്രമണം 15 വര്‍ഷം പിന്നിട്ടിട്ടും നിരവധി അമേരിക്കക്കാരുടെയും മനസ്സില്‍നിന്ന് ആ ഭീകരദൃശ്യങ്ങള്‍ ഇപ്പോഴും മാഞ്ഞിട്ടില്ല. ന്യൂയോര്‍ക്, വിര്‍ജിനിയ, പെന്‍സല്‍വേനിയ എന്നീ നഗരങ്ങളില്‍നിന്ന് ഇല്ലാതായത് 3000ത്തോളം ജനങ്ങളാണ്.

മാരകമായി പരിക്കേറ്റവര്‍ ദുരന്തത്തിന്‍െറ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ്. അമേരിക്ക മാത്രമല്ല, ലോകം തന്നെ മാറിയിട്ടും അവര്‍ക്ക് അത് മറക്കാനായില്ല.
75,000 ആളുകള്‍ ഇപ്പോഴും അപകടനില തരണംചെയ്തിട്ടില്ല. മാരകമായ അസുഖങ്ങള്‍ പിടിപെട്ട ഇവരിലേറെ പേരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നവരായിരുന്നു. മാരകമായ വിഷപ്പുക ശ്വസിച്ചാണ് ഇവരുടെ ആരോഗ്യം തകര്‍ന്നത്.