സെല്‍ഫി ദുരന്തങ്ങളില്‍ ലോകരാജ്യങ്ങളുടെ മുമ്പന്തിയില്‍ ഇന്ത്യ

5/2/2016

ജോര്‍ജ് ജോണ്‍
images (1)

ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ പുതു തലമുറയ്ക്കു ഹരമായി മാറികൊണ്ടിരിക്കുകയാണ് സെല്‍ഫി തരംഗം. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ വളരെയേറെ ദുരന്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയും സെല്‍ഫി അപകടമരണങ്ങള്‍ ധാരാളം റിപ്പോര്‍ട്ട്ണ്ട ചെയ്യപെട്ട രാജ്യങ്ങളില്‍ ഒന്നായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സെല്‍ഫി മരണങ്ങളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും, ബോട്ടില്‍ നിന്ന് കൊണ്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ടവരുമെല്ലാം ഇതില്‍ പെടുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അറബിക്കടലില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചതോടെ 12 പ്രദേശങ്ങള്‍ മുംബൈ പൊലീസ് സെല്‍ഫി നിരോധിത മേഖലയായി പ്രഖ്യാപിച്ചു. സെല്‍ഫി പ്രേമം അതിരുകടന്നതോടെ നിരവധി പ്രദേശങ്ങള്‍ ഭനോ സെല്‍ഫി സോണ്‍’ ആയി പ്രഖ്യാപിക്കാന്‍ ഗുജറാത്തിലെ അധികാരികള്‍ നിര്‍ബന്ധിതരായി.

ഇന്ത്യയില്‍ മാത്രമല്ല, എതാണ്ട് എല്ലാ വികസിത രാജ്യങ്ങളിലും സെല്‍ഫി മരണങ്ങള്‍ കൂടി വരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അല്ലെങ്കില്‍ സ്വന്തം രൂപത്തെപ്പറ്റിയുള്ള അമിതമായ ചിന്ത, എന്നിവയാണ് സെല്‍ഫി ഭ്രമത്തിനു പിന്നില്‍. മനോഹരമായ ഒരു സ്ഥലം കണ്ടാല്‍ ഒരു ചിത്രം എടുക്കാന്‍ തോന്നുന്നതു പോലെയല്ല അപകടം പതിയിരിക്കുന്ന സ്ഥലങ്ങളില്‍ വച്ച് എടുക്കുന്ന സെല്‍ഫികള്‍. മൊബൈല്‍ ഫോണുകളില്‍ ഫ്രണ്ട് ക്യാമറ വന്നതോടെയാണ് സെല്‍ഫി എടുക്കല്‍ ലോകത്തില്‍ ഇത്രയും വ്യാപകമായത്. ഒറ്റയ്‌ക്കോ കൂട്ടായോ ഉള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഫ്രണ്ട് ക്യാമറകള്‍, പിന്നീട് സെല്‍ഫി ഭ്രമത്തില്‍ പെട്ട് മരണക്കെണികള്‍ ആയി മാറി. ചെന്നൈയില്‍ ഓടി വന്ന ട്രെയിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചതാണ് സെല്‍ഫി മരണങ്ങളില്‍ ഇന്ത്യയില്‍ നിന്നും അവസാനം വന്ന വാര്‍ത്ത.

ആര്‍ക്ക് അപകടം പറ്റിയാലും മരിച്ചാലും താന്‍ എടുക്കുന്ന സെല്‍ഫി കിടിലന്‍ ലുക്കിലായിരിക്കണമെന്നാണ് അപക്വമനസുകള്‍ ചിന്തിക്കുന്നത്. ഉദ്ദേശിച്ച പോലെയുള്ള ഫോട്ടോ കിട്ടിയില്‍ല്ലെങ്കില്‍ വിഷാദവും ദ്യേഷ്യവും ഉള്ള പ്രവണത കൗമാരക്കാരില്‍ വളര്‍ന്ന് വരുന്നതായി പഠനങ്ങള്‍ വിലയിരുത്തുന്നു. സെല്‍ഫി ഭ്രമം തലയ്ക്കു പിടിച്ച് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പഌസ്റ്റിക് സര്‍ജറികള്‍ നടത്തുന്നവരുടെ എണ്ണം വിദേശരാജ്യങ്ങളിലും, പ്രത്യേകിച്ച് യൂറോപ്പിലെ ജര്‍മനിയിലും വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ലൈക്ക് വര്‍ദ്ധനവാണ് മുഖഭംഗി വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ലൈക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രമാണ് ജീവിതത്തില്‍ പ്രാധാന്യമെന്ന് ഇന്നത്തെ പുത്തന്‍ തലമുറ ഓര്‍ക്കാതെ പോകുന്നു. ഇന്ത്യയിലെ യുവജനത യൂറോപ്യന്‍, അമേരിക്കന്‍ പ്രവണതകള്‍ ചിന്തകള്‍ കൂടാതെ അനുകരിക്കുന്നു.

വിദേശരാജ്യങ്ങളില്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ ‘നോ സെല്‍ഫി’ അപായ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ ഇന്ത്യയിലും ഇത്തരം അപായ സൂചനാ ബോര്‍ഡുകള്‍ വേണ്ടി വരും. ഇന്ത്യയിലെ കൂടിയ നിരക്കിലുള്ള സെല്‍ഫി അപകടമരണങ്ങള്‍ യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ വളരെ ആശ്ചര്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.