സോളാര്‍ കമ്മിഷനില്‍ മുന്‍ ഡിവൈ.എസ്‌.പി. : സരിതയെ അറസ്‌റ്റ്‌ ചെയ്‌തത്‌ ഐ.ജിയുടെ നിര്‍ദേശപ്രകാരം

07:00pm 22/4/2016
Saritha-S-Nair-New-HQ-Photos-In-Saree
കൊച്ചി: സോളാര്‍ കേസ്‌ പ്രതി സരിത എസ്‌.നായരെ തിരുവനന്തപുരം ഇടപഴഞ്ഞിയില്‍ അറസ്‌റ്റ്‌ ചെയ്ാന്‍യ നേരിട്ടു നേതൃത്വം നല്‍കിയത്‌ എറണാകുളം റേഞ്ച്‌ ഐ.ജി. ആയിരുന്ന കെ. പദ്‌മകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന്‌ മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി: കെ. ഹരികൃഷ്‌ണന്‍.
കേസന്വേഷണം പുരോഗമിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന്‌ ഐ.ജി, സരിതയെ അറസ്‌റ്റ്‌ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന്‌ ജസ്‌റ്റിസ്‌ ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ ഹരികൃഷ്‌ണന്‍ മൊഴി നല്‍കി.
2013 മാര്‍ച്ച്‌ മൂന്നിനാണു സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി. ഹരികൃഷ്‌ണന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി സരിതയെ അറസ്‌റ്റ്‌ ചെയ്യാന്‍ ഡിവൈ.എസ്‌.പി. നേതൃത്വം നല്‍കിയത്‌ വിമര്‍ശനത്തിനിടയാക്കിയിരുന്നു.സരിത എസ്‌. നായരും ബിജു രാധാകൃഷ്‌ണനും ചേര്‍ന്ന്‌ 40 ലക്ഷം രൂപ തട്ടിയെന്ന പെരുമ്പാവൂര്‍ സ്വദേശി സജാദിന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ സി.ഐ: പി. റോയി ആണ്‌ കേസന്വേഷിച്ചത്‌. എന്നാല്‍, കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്നു കാട്ടി പരാതിക്കാരന്‍ എറണാകുളം റേഞ്ച്‌ ഐ.ജി: കെ.പദ്‌മകുമാറിനു പരാതി നല്‍കിയിരുന്നുവെന്ന്‌ ഹരികൃഷ്‌ണന്‍ മൊഴി നല്‍കി. തുടര്‍ന്നാണ്‌ ഐ.ജി. പ്രതികളെ അറസ്‌റ്റ്‌ ചെയ്യാന്‍ നേരിട്ട്‌ മേല്‍നോട്ടം വഹിക്കാന്‍ വാക്കാല്‍ നിര്‍ദേശിച്ചത്‌. എന്നാല്‍, അന്വേഷണ ഉദ്യോഗസ്‌ഥനായ പി. റോയിയെ ഒരു ഘട്ടത്തിലും ഒഴിവാക്കിയിട്ടില്ലെന്ന്‌ ഡിവൈ.എസ്‌.പി. പറഞ്ഞു.
തിരുവനന്തപുരത്ത്‌ സരിതയെ അറസ്‌റ്റ്‌ ചെയ്യാന്‍പോയ സംഘത്തില്‍നിന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനെ ഒഴിവാക്കിയതെന്തിനാണെന്ന്‌ കമ്മിഷന്‍ ചോദിച്ചു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്‌ഥനെ അറിയിച്ചിട്ടാണ്‌ ഇടപഴഞ്ഞിയിലേക്കുള്ള പോലീസ്‌ സംഘത്തെ അയച്ചതെന്ന്‌ ഡിവൈ.എസ്‌.പി. മറുപടി പറഞ്ഞു. സി.ഐ. റോയിക്ക്‌ അന്നേദിവസം വേറെ ഡ്യൂട്ടി ഉണ്ടായിരുന്നു. മാത്രമല്ല സി.ഐയുടെ കീഴിലുള്ള പോലീസുകാരെ തന്നെയാണ്‌ എസ്‌.ഐ. സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ സരിതയെ അറസ്‌റ്റ്‌ ചെയ്യാന്‍ നിയോഗിച്ചത്‌. അറസ്‌റ്റിനുശേഷം സരിതയെ സി.ഐയുടെ മുന്നിലാണു ഹാജരാക്കിയത്‌. ഇക്കാര്യം കേസ്‌ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അറസ്‌റ്റിനൊപ്പം ദേഹപരിശോധന മാത്രമാണു നടത്തിയിട്ടുള്ളതെന്നും വീട്‌ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍, സരിതയുടെ വീട്‌ പരിശോധിക്കാതിരുന്നതു ഗൗരവമായി കാണുന്നുവെന്നു കമ്മിഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അന്നു സാധാരണ തട്ടിപ്പ്‌ കേസ്‌ എന്നതില്‍ കവിഞ്ഞു മറ്റു പ്രാധാന്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന്‌ ഡിവൈ.എസ്‌.പി. മറുപടി പറഞ്ഞു. രാത്രിയില്‍ വീട്‌ പരിശോധിക്കുന്നത്‌ അഭികാമ്യമല്ലെന്നു തോന്നിയതായും അദ്ദേഹം വ്യക്‌തമാക്കി. ഹരികൃഷ്‌ണന്റെ ക്രോസ്‌വിസ്‌താരം വെള്ളിയാഴ്‌ചയും തുടരും.
അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റു ഉന്നതകോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചു സരിത എഴുതിയതായി പറയുന്ന കത്തും അതു സംബന്ധിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ പുറത്തുവിട്ട വാര്‍ത്തയുടെ സിഡിയും സോളാര്‍ കമ്മിഷനില്‍ സമര്‍പ്പിച്ചു.