2,468 കോടി കൂടി നല്‍കാമെന്ന് മല്യ

06:55pm 22/04/2016
vijay_mallya_080316
ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ കുടിശികയില്‍ 2,468 കോടി രൂപ കൂടി അധികം നല്‍കാമെന്ന് വിവാദ വ്യവസായി വിജയ് മല്യ സുപ്രീംകോടതിയില്‍. തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമായിരിക്കും ഇതെന്നും മല്യ പറഞ്ഞു. അതേസമയം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നല്‍കിയില്ല.

കനത്ത നഷ്ടത്തിലായതോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയത്. അമിത നികുതി ഏര്‍പ്പെടുത്തിയതും ഇന്ധനവില വര്‍ധിച്ചതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും ഉണ്ടായതായും മല്യ വ്യക്തമാക്കി.

വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. നേരത്തേ 4,400 കോടി രൂപ തിരിച്ചടക്കാമെന്ന മല്യയുടെ നിര്‍ദേശം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ് മല്യ പുതിയ വാഗ്ദാനവുമായെത്തിയിരിക്കുന്നത്. 9,000 കോടിയില്‍ 6,868 കോടി തിരിച്ചടക്കാമെന്നാണ് മല്യയുടെ ഇപ്പോഴത്തെ വാഗ്ദാനം.

9000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മല്യക്കെതിരെ ഇന്ത്യയില്‍ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. മല്യയുടെ മൂന്ന് മക്കളും യു.എസ് പൗരന്‍മാരാണ്. മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്‌