സൈക്കിളില്‍നിന്നും തെറിച്ചു കിണറ്റില്‍ വീണ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു

01.08 AM 03-07-2016
jilta mariya laiju
മൂവാറ്റുപുഴ: സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണംവിട്ട് സൈക്കിളില്‍നിന്നും തെറിച്ചുവീണ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ചു. മൂവാറ്റുപുഴ ശിവന്‍കുന്ന് റോഡില്‍ കുറുപ്പ്മഠം രാജുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പോത്താനിക്കാട് എനാനിക്കല്‍ ലൈജുജിന്റു ദമ്പതികളുടെ മകള്‍ ജില്‍റ്റ മരിയ ലൈജു(8) ആണ് മരിച്ചത്. മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
രണ്ടിന് വൈകിട്ട് 4.45ഓടെയാണ് അപകടം. വാടകയ്ക്ക് തമാസിക്കുന്ന വീടിന് സമീപത്തുളള ശിവന്‍കുന്ന് റോഡില്‍ സ്‌കൂള്‍ വിട്ടുവന്ന ശേഷം സൈക്കിള്‍ സവാരിചെയ്യുകയായിരുന്നു. ഉയര്‍ന്ന സ്ഥലത്തേക്ക് സൈക്കിള്‍ ചവിട്ടിയശേഷം തിരിച്ച് മടങ്ങുമ്പോള്‍ റോഡിന് സമീപത്തുളള വീടിന്റെ കിണറിലേക്ക് നിയന്ത്രണംവിട്ട സൈക്കിള്‍ ഇടിച്ചശേഷം കുട്ടി തെറിച്ചുവീഴുകയായിരുന്നു. കിണര്‍ മൂടിയിട്ടിരുന്ന ഷീറ്റിന് മുകളില്‍വീണ് ഷീറ്റോടുകൂടി കിണറ്റിലേക്ക് വീഴുകയായിരുന്നു. സമീപവാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനേയും പോലീസിനേയും വിവരമറിയിച്ചു. കിണറ്റില്‍ അകപ്പെട്ട കുട്ടി വെളളത്തിലേക്ക് താഴ്ന്ന് പോയിരുന്നു. തുടര്‍ന്ന് കുട്ടി മുകളിലേക്ക് പൊങ്ങിവന്നെങ്കിലും രക്ഷിക്കാന്‍ ആരും തയ്യാറാകാത്തത് കാരണം ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കുട്ടി വെളളത്തില്‍ താഴ്ന്ന് പോയിരുന്നു. ഫയര്‍ഫോഴ്‌സ് കിണറ്റിലിറിങ്ങി കുട്ടിയെ മുങ്ങിയെടുക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചേങ്കിലും രക്ഷിക്കാനായില്ല. 30 അടിയോളം താഴ്ചയുളള കിണറിലേക്കാണ് കുട്ടി പതിച്ചത്. കിണറ്റില്‍ പകുതിയിലധികം വെളളമുണ്ടായിരുന്നു. പിതാവ് ലൈജു വിദേശത്താണ് ജോലിചെയ്യുന്നത്. അമ്മയോടൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇതേ സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ ജിന്‍ബര്‍ട്ട് (4) നോക്കിനില്‍ക്കെയാണ് സഹോദരി അപകടത്തില്‍പ്പെട്ടത്. പിതാവ് എത്തിയതിന്‌ശേഷം സംസ്‌കാരം നടക്കുകയുളളു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.