സ്കാര്‍ലെറ്റിന്‍െറ മരണം: രണ്ടു പ്രതികളെയും വെറുതെവിട്ടു

08:53 AM 24/09/2016
images (3)
പനാജി: പതിനഞ്ചുകാരിയായ ബ്രിട്ടീഷ് ബാലിക സ്കാര്‍ലെറ്റ് ഏദന്‍ കീലിങ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള രണ്ടു പേരെ കോടതി വെറുതെവിട്ടു. പനാജിയിലെ കുട്ടികളുടെ കോടതി ജഡ്ജി വന്ദന ടെണ്ടുല്‍കറാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധിപറഞ്ഞത്. സാംസണ്‍ ഡിസൂസ, പ്ളാകിഡോ കര്‍വാല്‍ഹോ എന്നിവരെയാണ് വെറുതെവിട്ടത്. നരഹത്യ, മാനഭംഗം, മദ്യം കുടിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

അതേസമയം, വിധിയില്‍ സ്കാര്‍ലെറ്റിന്‍െറ മാതാവ് ഫിയോന നടുക്കം രേഖപ്പെടുത്തി. അപ്പീലിനു പോകുമെന്ന് ബ്രിട്ടനില്‍നിന്ന് പനാജിയിലത്തെിയ അവര്‍ പറഞ്ഞു. ഗോവയിലെ പ്രശസ്തമായ അന്‍ജുന ബീച്ചിലാണ് സംഭവം നടന്നത്. 2008 ഫെബ്രുവരി 19നാണ് സ്കാര്‍ലെറ്റിന്‍െറ മൃതദേഹം ബീച്ചില്‍ കണ്ടത്തെിയത്. തുടക്കത്തില്‍ പൊലീസ് മുങ്ങിമരണമാണെന്ന് വിധിയെഴുതി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീടാണ് നരഹത്യക്ക് കേസെടുത്തത്. കുടുംബത്തിന്‍െറ ആവശ്യത്തെ തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. 2010ലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.