സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ വോട്ട് നോട്ടക്കെന്ന് പെണ്‍കൂട്ടായ്മ

05:55pm 18/4/2016

18/04/2016
download
കോഴിക്കോട്: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി ശതമാനം സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യറായില്‌ളെങ്കില്‍ തങ്ങള്‍ നിഷേധവോട്ട് (നോട്ട) ചെയ്യുമെന്ന് സ്ത്രീപക്ഷസാംസ്‌കാരിക കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ‘ലിംഗനീതിക്കുവേണ്ടി പെണ്‍കൂട്ടായ്മ’ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ പ്രചാരണം തുടങ്ങുമെന്നും അവര്‍ പറഞ്ഞു.
പുരുഷ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള നാട്ടില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വെറും 10 ശതമാനമാണെന്നത് പരിതാപകരമാണ്. പരിചയ സമ്പത്തും കാര്യപ്രാപ്തിയുമുള്ള വനിതകള്‍ ഏറെയുണ്ടെങ്കിലും പുരുഷ കേന്ദ്രീകൃത മുഖ്യധാരാ പാര്‍ട്ടികള്‍ പോലും അവര്‍ക്ക് അവസരം നല്‍കുന്നില്ല. നിലവില്‍ സ്ത്രീകളെ ജയസാധ്യത കുറവുള്ള മണ്ഡലങ്ങളില്‍ നിര്‍ത്തി മറ്റു ഭൂരിപക്ഷം മണ്ഡലങ്ങളിലും പുരുഷന്‍മാര്‍ കുത്തകയാക്കി വെച്ചിരിക്കുകയാണ്. സ്ത്രീകളെ അധികാരത്തില്‍ നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ലിംഗഭേദമന്യേ എല്ലാവരും രംഗത്തുവരണം, 140 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് പൂജ്യം മുതല്‍ 12 വരെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും വനിതാ സ്ഥാനാര്‍ത്ഥി സംവരണമെന്നും, ഇതിലൊരു മാറ്റം വരുത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും പെണ്‍കൂട്ടായ്മ ആവശ്യപ്പെട്ടു. എഴുത്തുകാരി ദീദി ദാമോദരന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേര്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഡോ.പി.ഗീത, ഡോ.ജാന്‍സി ജോസ്, അഡ്വ.സുധ ഹരിദ്വാര്‍, എം.സുല്‍ഫത്ത്, ദിവ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.