ആറു ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ; സ്വാഭാവികമെന്ന് മുഖ്യമന്ത്രി

05:57pm 18/4/2016

18/04/2016
images
കൊച്ചി: ഘട്ടം ഘട്ടമായ മദ്യനിരോധം എന്ന പ്രഖ്യാപിത ലക്ഷ്യം കാറ്റില്‍ പറത്തി സംസ്ഥാനത്ത് ആറു ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്. യു.ഡി.എഫിന്റെ മദ്യനയവും ബാര്‍ കോഴയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരും പകരുന്നതിനിടയിലാണ് അര ഡസന്‍ ബാര്‍ലൈസന്‍സുകള്‍ പുതിയ വിവാദത്തിനു വഴിമരുന്നിട്ടത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയതെന്നും അത് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നുള്ള വ്യതിചലനം അല്‌ളെന്നുമാണ് ഔദ്യോഗിക വിശദീകരണം.

കൊച്ചി മരടിലെ ക്രൗണ്‍ പ്‌ളാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്‌സ്, ആലപ്പുഴയിലെ ഹോട്ടല്‍ റമദ , തൃശ്ശൂര്‍ ജോയ്‌സ് പാലസ്, അങ്കമാലി സാജ് എര്‍ത്ത് റിസോര്‍ട്ട്‌സ് , വയനാട് വൈത്തിരി വില്‌ളേജ് റിസോര്‍ട്ട് എന്നിവക്കാണ് എക്‌സൈസ് കമ്മിഷണര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇവയെല്ലാം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ്. എന്നാല്‍, ഇതില്‍ നാലെണ്ണം ത്രീ സ്റ്റാറില്‍ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്‌ഗ്രേഡ് ചെയ്തതാണ്. സാജ് എര്‍ത്ത് റിസോര്‍ട്ട് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടിയാണ് ബാര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്നാണ് പറയുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ ഇതേപറ്റി വിശദീകരിച്ചു. മദ്യനയത്തിന് അനുസൃതമായാണ് ലൈസന്‍സ് കൊടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സ്വാഭാവിക നടപടി മാത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഘട്ടം ഘട്ടമായ മദ്യനിരോധം എന്ന നയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതായി ആരോപണം ഉയര്‍ന്നു.