സ്റ്റാറ്റന്‍ ഐലന്റില്‍ മോര്‍ പീലക്‌സീനോസ് തിരുമേനിയുടെ നാല്‍പ്പതാം ചരമദിനം ആചരിച്ചു

08:21am
14/2/2016

ജോയിച്ചന്‍ പുതുക്കുളം
MAP_womans_News

MOR-PHILOXINOS_pic5
ന്യൂയോര്‍ക്ക്: കാലം ചെയ്ത മലബാര്‍ ഭദ്രാസന സീനിയര്‍ മെത്രാപ്പോലീത്തയും അമേരിക്കന്‍ അതിഭദ്രാസന ശില്പികളില്‍ മുന്‍നിരക്കാരനുമായിരുന്ന പുണ്യാശ്ലോകനായ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് തിരുമനസ്സിന്റെ 40ാം ചരമദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രഥമ ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആചരിച്ചു. ഇടവക വികാരി റവ.ഫാ.രാജന്‍ പീറ്ററിന്റെ മുഖ്യകാര്‍മ്മിക്ത്വത്തില്‍ ഫെബ്രുവരി ആറാം തീയ്യതി ശനിയാഴ്ച നടത്തപ്പെട്ട ഓര്‍മ്മ കുര്‍ബ്ബാനയിലും ധൂപാര്‍പ്പണത്തിലും ഭദ്രാസനത്തിലെ നിരവധി വൈദീകശ്രേഷ്ഠര്‍, ശെമ്മാശന്‍മാര്‍, ആത്മായ നേതാക്കള്‍, ഭദ്രാസന ഭാരവാഹികള്‍, വിശ്വാസി സമൂഹം എന്നിവര്‍ പങ്കുചേര്‍ന്നു.

റവ.ഫാ.ബിജോ മാത്യൂസ് (വികാരി, ലിന്‍ബ്രൂക്ക് ചര്‍ച്ച്), റവ.ഫാ.ജോസഫ് വര്‍ഗീസ്(വികാരി, സെന്റ് മേരീസ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്), റവ.ഫാ.ഡോ.ജെറി ജേക്കബ്(വൈറ്റ്‌പ്ലെയിന്‍സ് ചര്‍ച്ച്, സെന്റ് മേരീസ് ചര്‍ച്ച് ലോംഗ് ഐലന്റ്), റവ.ഫാ.ആകാശ് പോള്‍(വികാരി സെന്റ് ജെയിംസ് ചര്‍ച്ച് ന്യൂജേഴ്‌സി, റവ.ഫാ.വര്‍ഗീസ് വാലിയില്‍, റവ.ഫാ.ഫൈസ്റ്റീനോ, ക്വിന്റാനില്ല, റവ.ഡീക്കന്‍. വിവേക് അലക്‌സ് എന്നിവര്‍ ആത്മീയ ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായി. വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള ശുശ്രൂഷക്കാരും പങ്കുചേര്‍ന്നു.

നീണ്ട 51 വര്‍ഷത്തെ ആത്മീയ ശുശ്രൂഷയിലൂടെ പരിശുദ്ധ സഭക്കും സമൂഹത്തിനും ആത്മീയ ചൈതന്യവും ഭൗതീക വളര്‍ച്ചയു പ്രദാനം ചെയ്യുന്നതിനായി അക്ഷീണ പരിശ്രമം ചെയ്ത പുണ്യാത്മാവായിരുന്നു മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത എന്ന് റവ.ഫാ.രാജന്‍ പീറ്റര്‍ തന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയായി പുണ്യശ്ലോകനായ ആര്‍ച്ച് ബിഷപ്പ് യേശു മോര്‍ അത്താനാസിയോസ് തിരുമനസ്സിന്റെ കല്‍പ്പനപ്രകാരം അമേരിക്കയില്‍ എത്തിയ അദ്ദേഹം(റവ.ഫാദര്‍.ജോണ്‍ ജേക്കബ് ഇലപ്പനാല്‍) തന്റെ ഇടവകയുടെ വളര്‍ച്ചയോടൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിക്കുവാന്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ദൈവീകപരിപാലനത്തില്‍ ഇന്ന് വളര്‍ച്ചയുടെ പാടവുകള്‍ താണ്ടുന്ന അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ മുഖ്യ ശില്പികളിലൊരാളാണ് അദ്ദേഹം. അമേരിക്കയിലും ഗള്‍ഫ്‌നാടുകളിലുമുള്ള വിശ്വാസി സമൂഹത്തിന്റെ നിര്‍ലോപമായ സഹായസഹകരണങ്ങള്‍ കൊണ്ട് പരിതാപാവസ്ഥയിലായിരുന്ന മലബാര്‍ ഭദ്രാസനത്തിന് നവോന്‍മേഷം നല്‍കി വളര്‍ത്തി. മലങ്കര സഭയില്‍ ആദ്യമായി വൈദീകര്‍ക്ക് പെന്‍ഷന്‍ മെഡിക്കല്‍ ക്ഷേമപദ്ധതികള്‍, കേമമായ സ്ഥാനംമാറ്റം, എന്നിവ നടപ്പിലാക്കിയതോടൊപ്പം നൂറ്റാണ്ടിനു മേലായി നടന്നുവരുന്ന സഭാതര്‍ക്കത്തിനു മലബാര്‍ ഭദ്രാസനത്തില്‍ ശാശ്വതപതിഹാരം കാണുവാനും അദ്ദേഹത്തിനു സാധിച്ചു. അഴിമതി ക്കെതിരെ സന്ധിയില്ലാ സമരങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം എക്യൂമെനിക്കല്‍ മേഖലയിലും സാധുജനസംരക്ഷത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ പുണ്യാത്മാവാണ് കാലം ചെയ്ത പിതാവെന്ന് റവ.ഫാ.രാജന്‍ പീറ്റര്‍ അനുസ്മരിച്ചു.

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ജോയിന്റ് ട്രഷറര്‍ സിമി ജോസഫ്, സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറിയും കൗണ്‍സിലംഗവുമായ ഷെവലിയര്‍ ഏബ്രഹാം മാത്യു, ഷെവലിയര്‍ സി.കെ.ജോയി, കമാണ്ടര്‍ മാത്യു ജോണ്‍സന്‍, ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍, വിശ്വാസസംരക്ഷകന്‍ അമേരിക്കന്‍ പ്രതിനിധി ശ്രീ. ബിജു കുര്യന്‍ മാത്യൂസ്, സ്റ്റാറ്റന്‍ ഐലന്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് തുടങ്ങിയവരും ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ എന്നീ മേഖലകളില്‍ നിന്നുള്ള വിശ്വാസി സമൂഹവും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. നേര്‍ച്ചവിളമ്പ്, സദ്യ എന്നിവയോടെ പരിപാടികള്‍ സമാപിച്ചു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്