സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിക്കുന്നു

08:27 pm 4/10/2016

ബേബിച്ചന്‍ പൂഞ്ചോല
Newsimg1_70391511
ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്‍ഡ് സിറോ ­-മലബാര്‍ കത്തോലിക്കാ ഇടവകയില്‍ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാള്‍ ഈ വര്‍ഷവും ഭക്ത്യാഡംബര പൂര്‍വ്വം കൊണ്ടാടാന്‍ പളളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമ്മാശ്ലീഹായുടേയും തിരുനാളുകള്‍ സംയുക്തമായി ടോംകിന്‍സ് അവന്യൂവിലുളള സെന്റ് ജോസഫ് പളളിയില്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്ടോബര്‍ 16ന് ആഘോഷിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. പളളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സാംസ്ക്കാരിക അനുരൂപണത്തോടുകൂടിയ കൊടികളുടേയും മുത്തുക്കുടകളുടേയും ചെണ്ട വാദ്യമേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നളളിച്ചുകൊണ്ട് നഗരം ചുറ്റിയുളള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും തുടര്‍ന്ന് വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കും. പാലാ –കൊഴുവനാല്‍ സ്വദേശിയും സ്റ്റാറ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായ ഫിലിപ്പ് പായിപ്പാട്ടും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് ഒരുക്കമായുളള നവനാള്‍ പ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും തിരുനാളുവരെയുളള എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയോടെ വൈകിട്ട് 4.30 ന് നടത്തുന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുളള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രസുദേന്തി ഫിലിപ്പ് പായിപ്പാട്ട്(347 489 3106) അറിയിച്ചു. ഈ തിരുനാളില്‍ പങ്കെടുത്ത്‌ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മാധ്യസ്ഥം വഴി കര്‍ത്താവിന്റെ അനുഗ്രഹാശീര്‍വാദങ്ങള്‍ പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി പളളിക്കമ്മിറ്റിയും വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലും (718 710 973) അറിയിക്കുന്നു.