സ്വയം ഭരണ കോളേജുകളെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം വിവാദമാകുന്നു.

12:40 pm 11/10/2016

download (5)

സ്വയംഭരണ കോളേജുകളെ ശക്തമായി ഇടത് സംഘടനകള്‍ എതിര്‍ക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി പുറത്ത് വന്നത്. മികച്ച പ്രവര്‍ത്തന നിലവാരമുള്ള കോളേജുകള്‍ക്ക് അക്കാദമിക് സ്വയംഭരണാവകാശം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രിയുടെ മറുപടി
യു.ഡി.എഫ് കാലത്ത് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇടതുമുന്നണി ഉയര്‍ത്തിയത്. എസ്.എഫ്.ഐ മുതല്‍ സി.പി.ഐ.എം വരെ ഇതിനെ നിശിതമായി എതിര്‍ത്തു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി ആശയത്തെ പൂര്‍ണമായും അനുകൂലിക്കുന്നു. സംസ്ഥാനത്ത് സ്വയംഭരണ കോളേജുകള്‍ ആരംഭിക്കാന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ എന്നതിന് ഉണ്ടെന്നും എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ ഇടപെടലില്ലാതെ എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം മികച്ച നിലവാരമുള്ള കോളേജുകള്‍ക്ക് അക്കാദമിക് സ്വയംഭരണാവകാശം അനുവദിച്ച് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് മറുപടി. മാത്രവുമല്ല സ്വയംഭരണ പദവി ലഭിക്കുന്നത് കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ തുടങ്ങാനും സിലബസ് രൂപീകരിക്കാനും പരിഷ്കരിക്കാനും പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് കാലാനുസൃതമായി നവീനമായ കോഴ്‌സുകള്‍ രൂപപ്പെടുത്തുന്നതിന് കോളേജുകള്‍ക്ക് കഴിയുമെന്നും മറുപടിയില്‍ പറയുന്നു.
14ാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് നല്‍കിയ മറുപടി ഇപ്പോഴാണ് പുറത്ത് വരുന്നത് . അതേസമയം യു.ഡി.എഫ് കാലത്ത് സ്വയംഭരണം കിട്ടിയ കോളജുകളെ കുറിച്ചും ആ ആശയത്തെ കുറിച്ചുമാണ് മറുപടി നല്‍കിയെതന്നാണ് മന്ത്രിയുടെ ഓഫിസ് പറയുന്നത്. ഈ ആശയം തുടരുമോ എന്ന ചോദ്യം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിരവധി കോളേജുകള്‍ സ്വയംഭരണ പദവിക്കായി അപേക്ഷ നല്‍കി കാത്തിരിക്കെയാണ് മന്ത്രിയുടെ ഈ മറുപടി. ഈ വിഷയത്തില്‍ എല്‍.ഡി.എഫ് നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടുമില്ല. ഈ സമയത്താണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി പുറത്തുവരുന്നത്.