തമിഴ്​നാട്ടിൽ ഭരണ സ്​തംഭനമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി.

11:59 am 11/10/2016
images (6)
ചെന്നൈ: തമിഴ്​നാട്ടിൽ ഭരണ സ്​തംഭനമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. സംസ്​ഥാനത്തെ ഭരണ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ഇടക്കാല സംവിധാനം കൊണ്ടുവരണമെന്ന്​ കേന്ദ്ര സർക്കാരിനോടും ഗവർണറോടും ആവശ്യപ്പെടുന്ന കത്തിലാണ്​ കരുണാനിധിയ​ുടെ പ്രസ്​താവന.

സംസ്​ഥാനത്തെ ഭരണ സംവിധാനം ഇ​പ്പോൾ എങ്ങനെയാണ്​ പ്രവർത്തിക്കുന്നതെന്നറിയില്ല. മുഖ്യമന്ത്രി ജയലളിത ആശുപ​ത്രിയിലായതിനാൽ മന്ത്രിമാരെല്ലാം ചുമതല മറന്ന്​ ആശുപത്രിയിൽ തന്നെ തുടരുകയാണ്​. മുഖ്യമ​ന്ത്രിയുടേതുൾപ്പെടെ പല വകുപ്പുകളിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്​. ഇവയെല്ലാം തീർപ്പാക്കുന്നതെങ്ങനെയാണെന്നും സംസ്​ഥാന​ത്തെ ഭരണസ്​ഥിതിയെക്കുറിച്ച്​ ജനങ്ങൾക്ക്​ അറിയാൻ അവകാശമു​ണ്ടെന്നും കരുണാനിധി കത്തിൽ പറയുന്നു.

അതേസമയം തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നാണ്​ അപ്പോളോ ആശുപത്രിയിലെ അവസാനിമിറക്കിയ വാർത്താ കുറിപ്പിൽ വ്യക്​തമാക്കുന്നത്​. കൃത്രിമ ശ്വാസം നൽകുന്നത്​ തുടരുകയാണെന്നും ശ്വാസ കോശത്തിലെ തടസം ഗുരുതരമാണെന്നുമാണ്​ സൂചന. എയിംസ്​ ആശുപത്രിയിലെ വിദഗ്​ദ ഡോക്​ടർമാർ ജയലളിതയെ ഇടവേളകളിലെത്തി പരിശോധിക്കുകയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നോ നാളെയോ ജയലളിതയെ സന്ദർശിക്കാനെത്തിയേക്കും.