സ്വവര്‍ഗബന്ധം വ്യക്തിപരം അതിനെ എതിര്‍ക്കേണ്ടതില്ല: ആര്‍.എസ്.എസ് നേതാവ്

10:52am 18/3/2016
download

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത വ്യക്തിപരമായ ഒന്നാണ് അതിനെ എതിര്‍ക്കേണ്ട കാര്യമല്ലെന്ന് ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെ. സ്വവര്‍ഗ ലൈംഗികത സമൂഹത്തിലെ മറ്റുള്ളവരുടെ ജീവിതത്തിന് തടസ്സം സൃഷ്ടിക്കാത്ത കാലത്തോളം അതിനെ ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ലെന്നും ദത്താത്രേയ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് പ്രകാരം സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്നതിനെകുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗികത അഭിരുചി ഓരോരുത്തരുടെയും സ്വകാര്യവും വ്യക്തിപരവുമായ കാര്യമാണ്. ഇതില്‍ ആര്‍.എസ്.എസ് പൊതുവേദിയില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ആര്‍.എസ്.എസിന് ഒരു നിലപാടുമില്ല. വ്യക്തി താല്‍പര്യങ്ങളെ ആര്‍.എസ്.എസില്‍ ചര്‍ച്ച ചെയ്തിട്ടില്ല, ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ദത്താത്രേയ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമം 377 പ്രകാരം സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധവും ക്രിമിനല്‍ കുറ്റവുമായാണ് കണക്കാക്കുന്നത്. പത്തു വര്‍ഷം വരെ പരമാവധി ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ആഗോളതലത്തില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് ലഭിച്ചുവരുന്ന സ്വീകാര്യത ഇന്ത്യയിലും വേണമെന്നും അതിനായി കുറ്റകൃത്യമല്ലാതാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ലോക്‌സഭയില്‍ അടുത്തകാലത്ത് കൊണ്ടുവന്ന സ്വകാര്യ ബില്‍ പരാജയപ്പെട്ടിരുന്നു.