സ്വാതി വധക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

9:43 PM 18/09/2016
chennai-techie
ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. നുങ്കംപാക്കം സ്വദേശി രാംകുമാറാണ് (24) ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ ചെയ്തത്. ജയിലിലെ വൈദ്യുത കമ്പിയില്‍ കടിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്.
ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് രാംകുമാറിനെ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ് രാംകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മര്ണം സ്ഥിരീകരിച്ചു.

ജൂണ്‍ 25 നാണ് ഇന്‍ഫോസിസ് എന്‍ജിനീയര്‍ ആയിരുന്ന സ്വാതി നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ടത്. പ്ളാറ്റ്ഫോമില്‍ തീവണ്ടി കാത്തിരിക്കുന്നതിനിടെ സ്വാതിയുടെ അടുത്തെത്തിയ രാംകുമാര്‍ ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ചകത്തിയെടുത്ത് വെട്ടിവീഴ്ത്തുകയായിരുന്നു. മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ സ്വാതി സംഭവസ്ഥത്തുവെച്ചു തന്നെ മരിച്ചു.

പ്രണയാഭ്യര്‍ത്ഥ നിരസിച്ച വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രാംകുമാറിനെ തിരുനെല്‍വേലിയിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവെ രാംകുമാര്‍ കഴുത്ത് മുറിച്ച്് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.