സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റോ ചെയ്തു

08:59 pm 24/9/2016

– പി.പി.ചെറിയാന്‍
Newsimg1_41658112
വാഷിങ്ടന്‍ : സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത ആയിരക്കണക്കിനു ജനങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സൗദ്യഅറേബ്യ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സെനറ്റ് ഐക്യ കണ്‌ഠേന പാസ്സാക്കിയ ബില്‍ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തു.

മറ്റു രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്കും സേനാംഗങ്ങള്‍ക്കും ഈ ബില്‍ ദോഷം ചെയ്യുമെന്ന ചിന്തയാണ് വീറ്റൊ ചെയ്യുന്നതിന് പ്രസിഡന്റിനെ പ്രേരിപ്പിച്ച ഘടകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 23 വെളളിയാഴ്ച നഷ്ടപരിഹാര ബില്‍ വീറ്റൊ ചെയ്തതായി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. പ്രതീക്ഷയോടെ കാത്തിരുന്ന അയിരക്കണക്കിന് ജനങ്ങളില്‍ നിരാശയുണ്ടാക്കി. പ്രസിഡന്റ് തിര!ഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒബാമ അധികാരത്തിലേറിയ ശേഷം പന്ത്രണ്ടാമ ത്തെ ബില്ലാണ് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു വീറ്റൊ ചെയ്തിട്ടുളളത്.

എന്നാല്‍ പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതില്‍ വിജയിക്കുകയാണെങ്കില്‍ ആദ്യമായി അമേരിക്കയുടെ ചരിത്രത്തിനു മറ്റൊരു അധ്യായം കൂടി എഴുതി ചേര്‍ക്കപ്പെടും.

അമേരിക്കന്‍ ജനതയ്ക്കു നേരെ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ നിന്നും കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിനോ ഇതിനെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതോ ഈ ബില്‍ പാസ്സായാല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വീറ്റൊ ചെയ്ത ഒബാമ ഇറക്കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി.

ഒബാമയുടെ പ്രഖ്യാപനം വന്ന് ഉടനെ ബില്ലിനെ അനുകൂലിച്ചു ഹിലരി രംഗത്തെത്തി. നഷ്ടപരിഹാരം നല്‍കുവാന്‍ സൗദി ബാധ്യസ്ഥമാണെന്ന് ഹിലരി അഭിപ്രായപ്പെട്ടു.