സൗദി എണ്ണ കമ്പനിയിലുണ്ടായ അഗ്നിബാധയില്‍ മലയാളികളടക്കം 12 തൊഴിലാളികള്‍ മരിച്ചു

02.35 AM 17-04-2016
oil-company
സൗദി എണ്ണ കമ്പനിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മലയാളികളടക്കം 12 തൊഴിലാളികള്‍ മരിച്ചു. തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, ഡാനിയല്‍, വിന്‍സെന്റ് എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ചവരില്‍ ഒമ്പത് ഇന്ത്യക്കാരും മൂന്നു ഫിലിപ്പീനികളുമാണുള്ളത്. മുഹമ്മദ് അഷറഫ്, ഇബ്രാഹിം, ലിജോണ്‍, കാര്‍ത്തിക് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ആറു പേരുടെ നില അതീവ ഗുരുതരമാണ്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായിക നഗരമായ ജുബൈലില്‍ യുണൈറ്റഡ് പെട്രോ കെമിക്കല്‍ കമ്പനിയുടെ പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. ശനിയാഴ്ച രാവിലെ 11.40 ഓടെയായിരുന്നു അപകടം. പതിവ് അറ്റകൂറ്റപണികള്‍ നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപണിയില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ തൊഴിലാളികളാണ് മരിച്ചത്. റിയാക്ടറില്‍ തീ പിടിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ഫാക്ടറിയിലെ ചൂളയില്‍ (ഫര്‍ണസില്‍) ജോലി ചെയ്ത 30 ഓളം പേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ 12 തൊഴിലാളികള്‍ ശ്വാസംമുട്ടി മരിക്കുകയും താഴെ തട്ടിലുള്ളവര്‍ രക്ഷപെടുകയമായിരുന്നു. പരിക്കേറ്റവരെ റോയല്‍ കമ്മിഷന്‍ ആശുപത്രിയിലും അല്‍മന ആശുപത്രിയിലും പ്രവേശിപ്പിച്ചൂ. മൃതദേഹങ്ങള്‍ റോയല്‍ കമ്മീഷന്‍, മുവാസാത്ത്, അല്‍മന എന്നീ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്നു.

സൗദി അറേബ്യ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പിന്റെ സഹസ്ഥാപനമാണ് യുണൈറ്റഡ്. ഈ കമ്പനിയിലെ തൊഴിലാളികളില്‍ അധികവും ഇന്ത്യയില്‍നിന്നും നേപ്പാളില്‍നിന്നുമുള്ളവരാണ്.