സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു.

12:38 pm 6/10/2016

download (14)
ന്യൂഡൽഹി: സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

10.30ന് കേസ് പരിഗണിച്ചയുടൻ തന്നെ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ കേസിന്‍റെ പുന:പ്പരിശോധന ഹരജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. എതിർവാദങ്ങളൊന്നും ഉന്നയിക്കാതെയാണ് ജഡ്ജി സംസ്ഥാന സർക്കാറിന്‍റെ വാദം അംഗീകരിച്ചത്. തുടർന്ന് സൗമ്യയുടെ അമ്മ സുമതിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. കേസിന്‍റെ വാദത്തിൽ ചില പിഴവുകളുണ്ടായെന്നും ചില വസ്തുതകൾ സുപ്രീം കോടതി പരിഗണിച്ചില്ലെന്നും കാണിച്ചാണ് സർക്കാറും സൗമ്യയുടെ അമ്മ സുമതിയും പുന:പ്പരിശോധന ഹരജി നൽകിയിരിക്കുന്നത്.

വധശിക്ഷ സംബന്ധിച്ച് പുനപ്പരിശോധന ഹരജികൾ സാധാരണ ജഡ്ജിമാരുടെ ചേംബറിലാണ് വാദം കേൾക്കാറുള്ളത്. ഗുരുതരമായ നിയമ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമേ ഇത്തരം കേസുകൾ തുറന്ന കോടതികളിൽ വാദം കേൾക്കാറുള്ളൂ. ഇതോടെ കേസിന്‍റെ നിയമവശങ്ങൾ വാദിക്കാൻ വീണ്ടും അവസരം കിട്ടും. തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചതിലൂടെ ആദ്യഘട്ടത്തിൽ വിജയം സ്വന്തമാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്.