സർക്കാരിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നു: രാഹുൽ

09.37 AM 30/10/2016
rahul_070716
ന്യൂഡൽഹി: ജീവൻ നൽകി രാജ്യം കാക്കുന്ന ധീരസൈനികരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കത്തയച്ചു. പാക് അധിനിവേശ കാഷ്മീരിലെ മിന്നലാക്രമണത്തിനു പിന്നാലെ സൈനികരുടെ അംഗവൈകല്യ പെൻഷൻ വെട്ടിക്കുറച്ച സർക്കാർ നടപടി ദൗർഭാഗ്യകരമായെന്നു കത്തിൽ രാഹുൽ കുറ്റപ്പെടുത്തി. സൈനികരുടെ കാര്യത്തിലെങ്കിലും വാക്കും പ്രവർത്തിയും ഒന്നാണെന്നു തെളിയിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

ഇന്തോ– ടിബറ്റൻ അതിർത്തിയിൽ സൈനികർക്കൊപ്പം ഇന്നു ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി തയാറെടുക്കുന്നതിനിടെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയുള്ള രാഹുലിന്റെ കത്ത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന തരത്തിലുള്ളതാണെന്നു കത്തിൽ ചൂണ്ടിക്കാട്ടി. മിന്നലാക്രമണം നടത്തിയതിനു പിന്നാലെ അംഗവൈകല്യ പെൻഷൻ പുതിയ സ്ലാബ് സംവിധാനത്തിലേക്കു മാറ്റിയത് അംഗവൈകല്യം സംഭവിക്കുന്ന ധീര ജവാന്മാരുടെ പെൻഷനിൽ ഗണ്യമായ കുറവു വരുത്തും. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ടു നടപ്പാക്കുമ്പോൾ സൈനികരും സിവിൽ ജീവനക്കാരും തമ്മിലുള്ള ശമ്പളത്തിലെ അന്തരം വർധിക്കും. വിമുക്‌ത ഭടന്മാർക്കു തൃപ്തികരമാകുന്ന തരത്തിൽ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.