ഹൂസ്റ്റണില്‍ അഗ്‌നിബാധയില്‍ മലയാളി യുവതി മരിച്ച സംഭവം: പോലീസ് അന്വേഷണം തുടങ്ങി

09:24 am 1/12/2016

– പി. പി. ചെറിയാന്‍
Newsimg1_53356250
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സൗത്ത് സൈഡ് മെഡിക്കല്‍ സെന്ററിനു സമീപമുളള കോണ്ടോമിനിയം കോംപ്ലക്‌സിലുണ്ടായ അഗ്‌നിബാധയില്‍ മലയാളി യുവതി ഷെര്‍ലി ചെറിയാന്‍ (31) മരിച്ചു. വീടിനകത്തെ ക്ലോസറ്റില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

രാവിലെ മൂന്നരയോടുകൂടെയാണ് കോംപ്ലസക്‌സില്‍ തീ പടര്‍ന്നത്. അരമണിക്കൂറിനുളളില്‍ ആളിപ്പടര്‍ന്ന അഗ്‌നിയില്‍ കോണ്ടോമിനിയത്തിന്റെ പലഭാഗങ്ങളും കത്തിയമര്‍ന്നു. ഇരുപതോളം കോണ്ടോകള്‍ കത്തിനശിച്ചതായി ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.

തീ ആളി പടരുന്നതിനിടെ റൂഫില്‍ കയറിയ മറ്റൊരു സ്ത്രീയെ അഗ്‌നി സേനാഗംഗങ്ങള്‍ രക്ഷപ്പെടുത്തി. പൊളളലേറ്റ് മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയണച്ചശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഡാലസില്‍ താമസിക്കുന്ന കോട്ടയം സ്വദേശികളായ ചെറിയാന്റേയും ലിസിയുടേയും മകളാണ് ഷെര്‍ലി. റേഡിയോളജി ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുന്ന ഷെര്‍ലി ഒറ്റയ്ക്കാണ് ഹൂസ്റ്റണില്‍ കഴിഞ്ഞിരുന്നത്. ഡാലസ് മെട്രോ ചര്‍ച്ച് അംഗമാണ്. അഗ്‌നിബാധയെ കുറിച്ച് ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.