ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി

08:25 am 22/6/2017

– ജീമോന്‍ റാന്നി


ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഭക്തി നിര്‍ഭരമായി.ജൂണ്‍ 16, 17 (വെള്ളി, ശനി) തീയ്യതികളില്‍ സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6 മുതല്‍ 9 വരെയായിരുന്നു യോഗങ്ങള്‍.

രക്ഷാധികാരിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും ദൈവശാസ്ത്ര ചിന്തകനുമായ വെരി റവ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പായുടെ പ്രസംഗങ്ങള്‍ ശ്രവിക്കുവാന്‍ വിശ്വാസികളെ കൊണ്ട് ദേവാലയവും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു.

യോശുവയുടെ പുസ്തകം 20-ാം അദ്ധ്യായം ആധാരമാക്കി ആറ് സങ്കേത നഗരങ്ങളെ കുറിച്ച് ഗഹനവും ചിന്തോദ്ദീപകവുമായ ദൂതുകള്‍ അച്ചന്‍ നല്‍കി. വിശുദ്ധി, സന്തോഷം, രക്തക്കോട്ട, ഭൂജം, കൂട്ടായ്മ, ഉന്നതരാജ്യം എന്നീ അനുഭവങ്ങള്‍ ഒരു ദൈവപൈതല്‍ അനുഭവമാക്കണമെന്ന് പുതിയ നിയമ പശ്ചാത്തലത്തില്‍ അച്ചന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.ആത്മീയ ചൈതന്യം തുളുമ്പുന്ന ഗാനങ്ങള്‍ ആലപിച്ച് സബാന്‍ സാമിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കി.

രണ്ട് ദിവസങ്ങളിലായി യോഗങ്ങളില്‍ സംബന്ധിച്ച വൈദികര്‍ക്കും, വിശ്വാസ സമൂഹത്തിനും പ്രത്യേകിച്ച് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ഭാരവാഹികള്‍ക്കും അനുഗ്രഹകരമായ കണ്‍വന്‍ഷന്റെ നടത്തിപ്പിനായി സഹായിച്ച എല്ലാവര്‍ക്കും പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ റവ കെ ബി കുരുവിള നന്ദി പ്രകാശിപ്പിച്ചു.ശനിയാഴ്ചത്തെ യോഗത്തിന് ശേഷം പ്രസിഡന്റ് വെരി റവ സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്ക്കോപ്പായുടെ ആശിര്‍വാദത്തോടെ കണ്‍വന്‍ഷന്‍ സമാപിച്ചു.