ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെടോള്‍ ഇല്ല; മന്ത്രി വിശദീകരണം തേടി

02:17PM 01/7/2016
download (2)
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയോട് ഗതാഗതമന്ത്രി വിശദീകരണം തേടി. നയപരമായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ വകുപ്പ് മന്ത്രിയോടോ സര്‍ക്കാരിനോടോ ആലോചിക്കണമെന്നാണ് തച്ചങ്കരിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ആലോചനയില്ലാതെ വാര്‍ത്താസമ്മേളനം വിളിച്ച് ഉത്തരവ് പരസ്യപ്പെടുത്തിയതിലാണ് സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞിരിക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്നാണ് മന്ത്രിയുടെയും സര്‍ക്കാരിന്റെ പൊതു നിലപാട്. യാതൊരു ചര്‍ച്ചകളും നടത്താതെ കമ്മീഷണര്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. വകുപ്പ് മന്ത്രി പോലും അറിയാതെയായിരുന്നു തച്ചങ്കരി ഉത്തരവ് പുറപ്പെടുവിച്ചത്.

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പാക്കാനായിരുന്നു ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കിയത്. ഹെല്‍മറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകളോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ സമ്മിശ്ര പ്രതികരണമാണ് പൊതുജനങ്ങള്‍ പുലര്‍ത്തിയത്.