ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍

08:24am 02/7/2016

Newsimg1_65335925
ടൊറന്റോ: മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ പതിവായി കഴിഞ്ഞ 28 വര്‍ഷമായി നടത്തി വരാറുള്ള കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത്­ അമേരിക്കയുടെ (KVNLA) ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ജിമ്മിജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫിക്കുവേണ്ടിയുള്ള മത്സരം ടൊറന്റോ സ്റ്റാലിയന്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, മെയ് 28, 29 തീയതികളില്‍ പൂര്‍വാധികം ആഡംബരത്തോടെ നടത്തുകയുണ്ടായി.

ഈ വര്‍ഷം മത്സരത്തിനായി കളത്തില്‍ ഇറങ്ങിയത് 12 ടീമുകളാണ്. വാശിയേറിയ പോരാട്ടത്തിന് ശേഷം ഫൈനല്‍സില്‍ എത്തിയത് ഡാളസ് സ്‌ട്രൈക്കേഴ്‌­സും, ടാമ്പാ ടൈഗേഴ്‌­സും ആണ്.
ടൊറന്റോ, ഹാമില്‍ട്ടണ്‍ , നയാഗ്ര , ന്യൂയോര്‍ക്ക് പ്രദേശങ്ങളില്‍ നിന്നും എത്തിയ ആയിരക്കണക്കിന് കാണികളും നോര്‍ത്ത്­ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കായിക പ്രേമികളും, കുടുംബാംഗങ്ങളുമായി ഈ സംരംഭത്തിന് ദൃക്‌സാക്ഷികളായി വന്ന കാണികളെ അതിശയിപ്പിച്ച വാശിയേറിയ മത്സരത്തില്‍ 3:1 സെറ്റുകള്‍ നേടി ഡാളസ് ടീം ചാമ്പ്യന്‍ഷിപ്പ് കരസ്­ഥമാക്കുകയായിരുന്നു.

മുന്‍ രണ്ടു വര്‍ഷങ്ങളില്‍ (2014 , 2015) തുടരെ ചാമ്പ്യന്മാരായിരുന്ന കൈരളി ലയണ്‍സ് ചിക്കാഗോയെ തോല്‍പ്പിച്ചാണ് ടാമ്പാ ടീം ഫൈനലില്‍ എത്തിയത്.

തികഞ്ഞ ആവേശത്തോടെ ശക്തമായ ഒരു പോരാട്ടം നടത്തി വളരെ ക്‌ളോസായ ഒരു മാര്‍ജിനോടുകൂടി ഫില്ലി സ്റ്റാഴ്‌­സിനെ തോല്‍പ്പിച്ചാണ് ഡാളസ് സ്‌ട്രൈക്കേഴ്‌­സ് ഫൈനല്‍സില്‍ പ്രേവേശിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ഫലം നോക്കിയാല്‍ രണാം തവണയായ് ഡാളസ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. ഇത്തവണ ഡാലസിന്റെ ടീം ക്യാപ്റ്റന്‍, റോബിന്‍ ജോസഫ് എംവിപി പ്ലയെര്‍ കിരീടം കരസ്­ഥമാക്കിയപ്പോള്‍ ഡാളസ് ടീമിന്റെ കോച്ചും കളിക്കാരനുമായ ജിനു ജോസഫ് ബെസ്റ്റ് ഡിഫന്‍സീവ് പ്ലയെര്‍ സ്­ഥാനം കരസ്­ഥമാക്കി. ടാമ്പാ ടൈഗേഴിന്റെ റ്റിബിള്‍ ഫെലിക്‌സ് ആണ് മികച്ച ഒഫന്‍സ്സീവ് പ്ലയെര്‍ സ്­ഥാനത്തിനു അവകാശിയായത്.

ബെസ്റ്റ് സെറ്റര്‍ സ്­ഥാനം ചിക്കാഗോയുടെ സനില്‍ തോമസും, ഫിലി സ്റ്റാഴ്‌­സിന്റെ സെറ്റര്‍ ജോഫി ജോസഫുമായി പങ്കുവെച്ചു കരസ്­ഥമാക്കി. ഷിക്കാഗോയുടെ സനില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ നേട്ടത്തിന് അര്‍ഹനായി എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒരു ചരിത്ര സംഭവം കൂടിയാണ്.

ഒരു ശുദ്ധികലശം അനിവാര്യം എന്നു തോന്നുമാറ് സംഭവ ബഹുലമായ കുറെ സ്­ഥിതി വിശേഷങ്ങളും ഈ ടൂര്‍ണമെന്റില്‍ ഉണ്ടായി എന്നും എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. 28ന് ശനിയാഴ്ച ആദ്യ റൗണ്ട് മത്സരങ്ങളില്‍ മൂന്നു പൂളില്‍ നിന്നായി ടീമുകളെ വിലയിരുത്തിയപ്പോള്‍, ന്യൂയോര്‍ക്ക് കേരള സ്‌­പൈക്കേഴ്‌­സ് ഒന്നാം സ്­ഥാനവും കഴിഞ്ഞ രണ്ടു വര്‍ഷമായി അടുപ്പിച്ചു ചാമ്പ്യന്‍ഷിപ്പ്­ നേടിയ ഷിക്കാഗോ ടീം ആറാം സ്­ഥാനത്തും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രണ്ടു പ്രാവശ്യം ചാമ്പ്യരായ ഡാളസ് ടീം എട്ടാം സ്­ഥാനത്തും ആയിരുന്നു പരിണമിച്ചത്. എന്നാല്‍ എട്ടാം സ്­ഥാനത്തായിരുന്ന ഡാളസ് ടീം എങ്ങനെ ചാമ്പ്യന്‍സ് ആയി എന്നതിനെ കുറിച്ചു ഒന്നു വിശകലനം ചെയ്യാം.

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1989 , മെയ് മാസത്തില്‍ 5 ടീമുകള്‍ മാത്രം പങ്കെടുത്തുകൊണ്ട് ഡാലസില്‍ നിന്നും ആരംഭിച്ച അമേരിക്കന്‍ മലയാളിയുടെ മാത്രം എന്നു കരുതപ്പെടുന്ന ഒരു കായിക പ്രസ്­ഥാനമാണ് KVNLA യും ഈ ടൂര്‍ണമെന്റും. അതിനു രണ്ടു വര്‍ഷം മുന്‍പ് ചിക്കാഗോ , ഡാളസ് , ന്യൂ യോര്‍ക്ക് എന്നീ സ്­ഥലങ്ങളില്‍ ഇന്റര്‍ സ്‌റ്റേറ്റ് തലത്തില്‍ മൂന്നും നാലും ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റുകള്‍ നടന്ന ശേഷം കേരളത്തിന്റെ അഭിമാനമായി ലോകം അറിഞ്ഞ ജിമ്മി ജോര്‍ജിന്റെ അകാല നിര്യാണത്തെ തുടര്‍ന്നു അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുവാനും, അമേരിക്കന്‍ മലയാളി വോളിബോള്‍ കളിക്കാര്‍ക്ക് ഒന്നിച്ചു വരുന്നതിനുമുള്ള ഒരു വേദിയെന്ന നിലയിലുമാണ് ഈ ടൂര്‍ണമെന്റ് സ്­ഥാപിതമായിട്ടുള്ളത്. ഡാളസിലെ ആദ്യ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എലാ ടീം മാനേജേഴ്‌­സും കളിക്കാരും ചേര്‍ന്നു പാസാക്കിയ അടിസ്­ഥാന നിയമാവലികളും, അതിനുശേഷം ഓരോ വര്‍ഷവും ടൂര്‍ണമെന്റിന് വരുമ്പോള്‍ കൂടുന്ന മാനേജേഴ്‌­സ് മീറ്റിങ്ങുകളില്‍ എടുത്ത പുതിയ നിബന്ധനകളും കൂട്ടിച്ചേര്‍ത്ത ഒരു നിയമാവലിയാണ് ഈ പ്രസ്­ഥാനത്തെ മുന്‍പോട്ടു നയിച്ചുപോരുന്നത്. ഈ നിയമാവലി അഭംഗുരം പാലിച്ചുകൊണ്ട്­ ഇതിനെ നയിക്കുന്നത്തിനായി ഓരോ ടീമിനെയും പ്രതിനിധീകരിക്കുന്ന ഒരു എട്ട് അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌­സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ നിയമാവലിയില്‍ അതിപ്രധാനം എന്നു കണക്കാക്കാവുന്ന ഒന്നാമത്തെ നിബന്ധനയാണ് ഈ ലീഗ് വടക്കേ അമേരിക്കയില്‍ നിയമപരമായി കുടിയേറി പാര്‍ത്തിട്ടുള്ള മലയാളികള്‍ക്കും അവരുടെ പിന്‍ തലമുറക്കും മാത്രമായിട്ടുള്ളത് എന്ന വസ്തുത. എന്നാല്‍ ഈ മത്സരങ്ങളുടെ ഫലം തിരുത്തിയെടുക്കുന്നതിനും, വിജയം സ്വന്തമാക്കുന്നതിനും വേണ്ടി ചില ടീമുകള്‍ എങ്കിലും യോഗ്യത തെളിയിക്കാന്‍ മതിയായ രേഖകള്‍ ഇല്ലാതെ ജര്‍മ്മനി, ഓസ്‌ടേലിയ പോലുള്ള രാജ്യങ്ങളില്‍ നിന്നും കളിക്കാരെ ഈ ടൂര്‍ണമെന്റിലേക്കായി കൊണ്ടുവന്നു കളിപ്പിക്കുന്നതിനായുള്ള പ്രവണത ഈയിടെയായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ നിന്നു തന്നെ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് പോലുള്ള പ്രൊഫഷണല്‍ ടീമില്‍ നിന്നും കളിക്കാരനെ ആള്‍മാറാട്ടം നടത്തി വേറൊരു പേരില്‍ വ്യാജ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും വരെ ഉണ്ടാക്കി സമര്‍പ്പിച്ചു കളിക്കാന്‍ ശ്രമിച്ചത് മനസ്സിലാക്കി ചോദിച്ചപ്പോള്‍ പാസ്‌­പോര്‍ട്ടിന്റെ ഒറിജിനല്‍ കാണിക്കാന്‍ വിസമ്മതിക്കുകയും എന്നാല്‍ ആദ്യപേജിന്റെ കോപ്പി എന്നുപറഞ്ഞു ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് ഡോക്യൂമെന്റ കാണിക്കുകയും അതില്‍ കക്ഷിയുടെ പേര് രണ്ടു ഭാഗങ്ങളില്‍ ഉണ്ടെന്നുള്ളത് ഓര്‍ക്കാതെ ഒരേ പേജില്‍ ശരിയായ പേരും വ്യാജ പേരും ആയിട്ടുള്ള രേഖകള്‍ കണ്ടപ്പോള്‍ കള്ളി പുറത്താവുകയും ചെയ്തു.

ഈ പ്രഗത്ഭ കളിക്കാരന്റെ കേരളത്തിലെ പേരിലും അമേരിക്കയില്‍ കൊണ്ടുവന്നു അദ്ദേഹത്തെ അവതരിപ്പിച്ച പേരിലും ഉള്ള ധാരാളം തെളിവുകള്‍ ഫേസ്ബുക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമായി കിടപ്പുണ്ട് എന്നത് ചിന്തിക്കാതെ പോയത് ഈ കാലത്തെ ഒരു വലിയ വിഡ്ഢിത്തം എന്നു വേണം കാണാന്‍.

അതുപോലെ ഓസ്‌­ട്രേലിയായില്‍ നിന്നും പുതിയ ഒരു കളിക്കാരനുമായി വന്ന മറ്റൊരു ടീമിനും പാസ്സ്‌പോര്‍ട്ട് കാണിച്ചാല്‍ സത്യം പുറത്താക്കുമെന്ന് വന്നതിനാല്‍ അതിനു തയ്യാറാകാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകേണ്ടതായി വന്നു. അങ്ങനെ ഈ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടു ടീമുകള്‍ സെമിഫൈനല്‍സിനു മുന്‍പ് അനധികൃത ടീമുകള്‍ എന്ന കാരണത്താല്‍ പുറത്താക്കപ്പെട്ടു.

കേരളീയ സംസ്കാരത്തിന്റെ മുഖ മുദ്രയെന്ന് നാമെല്ലാവരും കരുതുന്ന സ്‌നേഹം, പരസ്പര വിശ്വാസം, സത്യസന്ധത ഇങ്ങനെയുള്ള വലിയ മൂല്യങ്ങളെ കാട്ടില്‍ പറപ്പിച്ചിട്ട് ഒരു ടൂര്‍ണമെന്റ് ജയിക്കാനായി വഴിവിട്ടു സഞ്ചരിക്കുമ്പോള്‍ അവസരം നഷ്ട്ടപ്പെടുന്നതു എല്ലാ യോഗ്യതകളുമായി ടൂര്ണമെന്റിലേക്കു വരുന്ന നമ്മുടെ ഇളംതലമുറയിലെ ചെറുപ്പക്കാരായ കളിക്കാര്‍ക്കാണ്.

ഉദാഹരണത്തിന് കഴിഞ്ഞ മൂന്നുവര്‍ഷമായി അടുപ്പിച്ചു ബെസ്റ്റ് സെറ്റര്‍ കിരീടം കരസ്­ഥമാക്കിയ ഷിക്കാഗോ സനില്‍ തോമസ് ഈ വര്‍ഷം ചഇഅഅ വോളിബോള്‍ ചാമ്പ്യന്‍സ് ആയ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌­സിറ്റിയില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കുന്ന ഒരു വിദ്യാര്‍ഥിയും കളിക്കാരനും ആണ്. ഷിക്കാഗോ ടീമില്‍ ആദ്യകാലം തൊട്ടു കളിച്ചിരുന്ന പ്രഗത്ഭ കളിക്കാരന്‍ സാജന്‍ തോമസിന്റെ മകനാണ് സനില്‍. അതുപോലെ തന്നെ കഴിഞ്ഞ നാലു വര്‍ഷത്തില്‍ രണ്ടു തവണ എംവിപി സ്­ഥാനം കരസ്­ഥമാക്കിയ ഡാലസിന്റെ റോബിന്‍ ജോസഫ് സ്‌ട്രൈക്കേഴ്‌­സിന്റെ ഏറെകാലത്തെ നെടുംതൂണായിരുന്ന തങ്കച്ചന്‍ ജോസഫിന്റെ മൂത്ത മകനാണ്. രണ്ടാമത്തെ മകന്‍ നെല്‍സണ്‍ ജോസഫ് ഭാവിയുടെ വാഗ്ദാനം എന്നോണം അതിവേഗം വളര്‍ന്നു വരുന്ന ഒരു പ്രതിഭയാണ്. ഇങ്ങനെയുള്ള കളിക്കാരെ മാറ്റി ബഞ്ചില്‍ ഇരുത്തികൊണ്ടു ആസ്‌ട്രേലിയായില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും അല്ലെങ്കില്‍ കേരളത്തില്‍ നിന്നും തന്നെ ഇറക്കുമതി ചെയ്യുന്ന കളിക്കാരെ കൊണ്ടു ഈ പ്രസ്­ഥാനം താറുമാറാക്കാന്‍ ശ്രമിക്കുന്നത് തികച്ചും അവഹേളനാപരമല്ലേ ?

അതുകൊണ്ടു തന്നെ ഈ അനധികൃതമായ നടപടിക്രമങ്ങള്‍ നഖ ശിഖാന്തം എതിര്‍ക്കുമെന്നും നേരായ മാര്‍ഗത്തില്‍കൂടി മാത്രമേ ഈ പ്രസ്­ഥാനത്തെ മുന്‍പോട്ടു കൊണ്ടു പോകൂ എന്നു ഈ ലീഗിന്റെ നേതൃസ്­ഥാനം വഹിക്കുന്ന ബോര്‍ഡ് അംഗങ്ങളും ചെയര്‍മാന്‍ സ്­ഥാനം വഹിക്കുന്ന റ്റോം കാലായിലും പ്രസ്­ഥാവിച്ചിട്ടുണ്ട്. മലയാളികളുടേതു മാത്രമായി കണ്ടു സ്­ഥാപിച്ച്­ നീണ്ട 28 വര്‍ഷം കൊണ്ടു വന്ന വേറൊരു മലയാളി പ്രസ്­ഥാനവും വടക്കേ അമേരിക്കയില്‍ ഇല്ല എന്നു തന്നെ പറയാം. മുന്‌പോട്ടു ഇതിലെ എല്ലാ ന്യൂനതകളും തിരുത്തി ഒരു നല്ല കായിക പ്രസ്­ഥാനമായി ശക്തി പ്രാപിക്കുവാനും വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്ന ഇളം തലമുറക്കാരുടെ ടീമുകള്‍ അടങ്ങുന്ന ഒരു വലിയ സംരംഭമായി KVNLA മാറട്ടെ എന്ന് ആഗ്രഹിക്കാം , ആശംസിക്കാം. (KVNLA ക്കു വേണ്ടി ബോര്‍ഡ് മെംബെര്‍ഴ്‌സ് ഇറക്കിയ പത്രക്കുറിപ്പ്)