കുട്ടികള്‍ സമഭാവനയുടെ സന്ദേശവാഹകര്‍: ഡോ. ദര്‍ശന മനയത്ത് ശശി

09;57 am 20/8/2016

Newsimg1_48685283
ഹൂസ്റ്റണ്‍: മലയാളികള്‍ ഉള്ളിടത്തെല്ലാം അവരുടെ കൂട്ടായ്മകളും, വിവിധ ആഘോഷങ്ങള്‍ക്കായുള്ള ഒത്തുകൂടലുകളും ഉണ്ടാകാറുണ്ട്. അവയൊക്കെ കുറെക്കൂടെ അര്‍ത്ഥപൂര്‍ണ്ണവും, ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും ചെയ്താല്‍ നമ്മള്‍ നേരിടുന്ന വിഷലിപ്തമായ സാമൂഹ്യ സാഹചര്യങ്ങളെ നേരിടുന്നതില്‍ അത് നമുക്ക് കൂടുതല്‍ ശക്തിപകരുന്നവയായി മാറും. സമഭാവനയുടേയും സാഹോദര്യത്തിന്റേയും സന്ദേശവാഹകരായി കുട്ടികള്‍ മാറുന്നതിന് അതു കളമൊരുക്കുമെന്നു ഓസ്റ്റിലിനെ ടെക്‌സാസ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ. ദര്‍ശന മനയത്ത് ശശി പറഞ്ഞു.

സ്‌നേഹിക്കുന്നവരുടെ സന്ദേശം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്.കുട്ടികളോട് എല്ലാവര്‍ക്കും സ്‌നേഹമാണ്. അങ്ങനെ അവര്‍ കൊടുക്കുന്ന സന്ദേശവും എല്ലാവരും ഏറ്റുവാങ്ങും. കുട്ടികളില്‍ വര്‍ണ്ണ-വര്‍ഗ്ഗ-മത വ്യത്യാസങ്ങളില്ല. ആഹാരം, ജലം, വായു എന്നിവ ഏതു വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമാണ്. ഈ അത്യാവശ്യങ്ങളെ എനിക്കും എന്റെ കുടുംബത്തിനും, എന്റെ മതത്തിനും വേണ്ടി മാത്രമാണെന്നു ചിന്തിക്കുന്നവരാണ് അഴിമതി, ചൂഷണം, തീവ്രവാദം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നവരും അവരുടെ സംഘടനകളും. അതിനെതിരേ നന്മയുടെ പ്രവാചകന്മാരായി കുട്ടികളെ പരിശീലിപ്പിക്കുവാന്‍ സമൂഹത്തിനു കഴിയണം. അതിനു നമ്മുടെ ഭാഷയും, പഠനവും, സംസ്കാരവും വഴികാട്ടിയാകും- അവര്‍ പറഞ്ഞു.

ഹൂസ്റ്റണ്‍ ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ എട്ടാമത് വെക്കേഷന്‍ മലയാള പഠന ക്ലാസിന്റെ സമാപന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ദര്‍ശന മനയത്ത് ശശി.

അമേരിക്കയില്‍ അങ്ങോളമിങ്ങോളം അനേകം സംഘടനകള്‍ വര്‍ഷംതോറും ഉണ്ടാവുകയും മലയാളം ക്ലാസുകള്‍ നടത്തുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ഹൂസ്റ്റണില്‍ ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ തുടര്‍ച്ചയായി കഴിഞ്ഞ എട്ടുവര്‍ഷം മലയാളം ക്ലാസ് നടത്തി അമേരിക്കന്‍ പൗരത്വമുള്ള ഇരുനൂറില്‍ അധികം കുട്ടികള്‍ക്ക് ഭാഷാ പഠനത്തിന് അവസരമൊരുക്കി മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച സംഗമം പബ്ലിക്കേഷന്‍സ് എഡിറ്റോറിയല്‍ കോര്‍ഡിനേറ്റര്‍ സാബു കുര്യന്‍ പ്രസ്താവിച്ചു.

ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഹാളില്‍ ജി.എസ്.സി പ്രസിഡന്റ് ആനി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാന അധ്യാപിക സൂസന്‍ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, രക്ഷകര്‍ത്താക്കളുടെ പ്രതിനിധികളായ സാം തോമസ്, ബ്രാന്റണ്‍ വര്‍ഗീസ്, ഷിജിന്‍ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഹാരിസ് കൗണ്ടി പാര്‍ക്കര്‍ വില്യംസ് പബ്ലിക് ലൈബ്രറിയില്‍ നടത്തിവന്ന വിവിധ ക്ലാസുകള്‍ക്ക് ആലീസ് ജോസ്, അതുല്യാ ജോണ്‍സണ്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു. അതതുനിലകളിലെ ക്ലാസുകളില്‍ സംഗീത മറ്റത്തില്‍, ഐറിന്‍ മത്തായി, അലന്‍ ജോണ്‍സണ്‍ എന്നിവര്‍ ഒന്നാംസ്ഥാനങ്ങളും, ജോന വര്‍ഗീസ്, നഥാനിയേല്‍ ചാക്കോ, ജോയല്‍ ബ്ലസന്‍, ജോഷ്വാ അഭിലാഷ് എന്നിവര്‍ രണ്ടാം സമ്മാനങ്ങളും കരസ്ഥമാക്കി.

അമേരിക്കയില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ യോഗത്തില്‍ അവതരിപ്പിച്ച മലയാളം പരിപാടികള്‍ സദസ്യരുടെ മുക്തകണ്ഠമായ പ്രശംസകള്‍ക്ക് പാത്രീഭൂതരായി. ജി.എസ്.സി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സംഘഗാനങ്ങള്‍ക്ക് ജോജ്ജിക് കുരുവിള, ജസ്സി അബ്രഹാം, ജേക്കബ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോലിയും വീട്ടുകാര്യങ്ങളും ക്രമീകരിച്ച് ത്യാഗസന്നദ്ധ സേവനത്തിലൂടെ ക്ലാസുകള്‍ വിജയകരമാക്കിയ പ്രവര്‍ത്തകരെ വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ് സദസിന് പരിചയപ്പെടുത്തി. മലയാളം ക്ലാസ് ചീഫ് കോര്‍ഡിനേറ്റര്‍ ജസ്സി സാബു യോഗനടപടികള്‍ക്ക് നേതൃത്വം നല്കി. സാബു കെ. പുന്നൂസ് സ്വാഗതവും, ജി.എസ്.സി സെക്രട്ടറി സിറില്‍ രാജന്‍ കൃതജ്ഞതയും പറ­ഞ്ഞു.