15കാരിയെ ബലാല്‍സംഗം ചെയ്ത എം.എല്‍.ക്കെതിരെ ഒരു ഗ്രാമത്തിന്റെ പോരാട്ടം

11:20 AM 24/02/2016
rape-med1

പറ്റ്‌ന: ബിഹാറിലെ സുല്‍ത്താന്‍പൂര്‍ എന്ന് ഗ്രാമം ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുന്നത് പോരാട്ടത്തിന്റെ മറ്റൊരു തുറന്ന് അദ്ധ്യായമാണ് . ഗ്രാമവാസികളെല്ലാം ചേര്‍ന്ന് ഒരു തുക സംഭാവന ചെയ്ത് വലിയൊരു ഫണ്ടൊരുക്കാനുള്ള ഒരുക്കത്തിലാണ്. നവാഡ എം.എല്‍.എ രാജ് ഭല്ല യാദവ് ബലാല്‍സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന് നിയമപോരാട്ടത്തിനായുള്ള പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.

സഹോദരങ്ങളോടൊപ്പം താമസിക്കുന്ന ബിഹാര്‍ഷെരിഫിലെ വീട്ടില്‍ നിന്നാണ് സുലേഖ ദേവിയെന്ന സ്ത്രീ ആര്‍.ജെ.ഡി എം.എല്‍.എയുടെ വീട്ടിലേക്ക് ഫെബ്രുവരി ആറിന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അവിടെ വെച്ച് പെണ്‍കുട്ടിയെ എം.എല്‍.എ രാജ് ഭല്ല ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പിറ്റേന്ന് തിരിച്ചയച്ചത്. പെണ്‍കുട്ടി അന്നുതന്നെ മാതാപിതാക്കളോട് ഇതേക്കുറിച്ച് പറയുകയും അവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍, പരാതി ഫയലില്‍ സ്വീകരിക്കാന്‍ പൊലീസ് തയാറായില്ല. ഫെബ്രുവരി 12ന് പറ്റ്‌ന റേഞ്ച് ഐ.ജി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. അന്നുമുതല്‍ ഒളിവിലാണ് രാജ് ഭല്ല യാദവ്. പിന്നീടിയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എം.എല്‍.എയുടെ വീട്ടിലെത്തിച്ച സുലേഖ ദേവി 30,000രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. എം.എല്‍.എയെയും വീടും ഫോട്ടോകളിലൂടെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സുലേഖ ദേവിയെ അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമത്തില്‍ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍. നിരത്തുകളും നാല്‍ക്കവലകളും ബാനറുകളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. റോഡ് ഉപരോധം നടത്തുന്ന ഗ്രാമീണര്‍ പൊതുജനമധ്യത്തില്‍ എം.എല്‍.എയെ തൂക്കിലേറ്റണമെന്ന നിലപാടിലാണ്. എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കീഴടങ്ങാനായി കോടതി നിര്‍ദേശിച്ച സമയം ശനിയാഴ്ച അവസാനിച്ചെങ്കിലും രാജ് ഭല്ല കീഴടങ്ങിയിട്ടില്ല.എന്തു തന്നെയായാലും എം.എല്‍.എയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പെണ്‍കുട്ടിയും കുടുംബവും.

പെണ്‍കുട്ടിയുടെ കുടുംബത്തിന് പൂര്‍ണ പിന്തുണയാണ് നാട്ടുകാര്‍ നല്‍കുന്നത്. വളരെ കഷ്ടപ്പെട്ടാണ് അച്ഛന്‍ പെണ്‍കുട്ടിയേയും സഹോദരനേയും ബീഹാര്‍ ഷെരീഫിലയച്ച് പഠിപ്പിക്കുന്നതെന്ന് ഗ്രാമവാസി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മാതാപിതാക്കളുടെ ആത്മവീര്യം കെടുത്തുന്നതായും. പലരും മക്കളുടെ പഠനം അവസാനിപ്പിച്ച് വാടകവീടുകളില്‍ നിന്നും വീട്ടിലേക്ക് തിരിച്ച് കൊണ്ടുവന്നതായും നാട്ടുകാര്‍ പറഞ്ഞു.