മുന്‍ ആർ.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ ജയില്‍ മോചിതനായി

01:20 PM 10/09/2016
Mohammad-Shahabuddin1
പട്‌ന: മുന്‍ ആർ.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീന്‍ 11 വര്‍ഷത്തിനുശേഷം ജയില്‍ മോചിതനായി. രാജീവ് റോഷന്‍ വധക്കേസില്‍ പട്‌ന ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് ഷഹാബുദ്ദീന്‍ പുറത്തിറങ്ങിയത്. 2005 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്‍.

2005 മുതല്‍ തടവില്‍ കഴിയുകയായിരുന്നു ഷഹാബുദ്ദീന്‍. എന്നാല്‍ രാജീവ് റോഷൻ കൊലപാതകത്തിന്‍റെ സൂത്രധാരന്‍ ജയിലില്‍ കഴിയുകയായിരുന്ന ഷഹാബുദ്ദീനാണെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഷഹാബുദ്ദീന്‍. പല കേസുകളിലും വിചാരണ തുടരുകയാണ്. ഗൂഢാലോചനക്കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ മേല്‍ക്കോടതില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും വന്‍ ഗുഢാലോചനയുടെ ഫലമായാണ് ജയില്‍ പോകേണ്ടി വന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ മുന്‍ ആര്‍ജെഡി എം.പി ആവര്‍ത്തിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഷഹാബുദ്ദീന്‍ പരിഹസിച്ചു.