സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ്

09:15 pm 2/10/2016

download (1)

തിരുവനന്തപുരം: സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ് അച്യുതാനന്ദന്‍. എസ്.ബി.ടി-എസ്.ബി.ഐ ലയനത്തെക്കുറിച്ചാണ് പ്രതികരിച്ചതെന്നും മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുകയായിരുന്നെന്നും വി.എസ് പ്രസ്താവനയിലൂടെ അറിയിച്ചു.

എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിനു സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്തു പുറത്തേക്കു വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. സമരം ന്യായമാണെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ഇതിനു മറുപടി പറഞ്ഞത്. ഈ പ്രതികരണം യു.ഡി.എഫ് എം.എൽ.എമാര്‍ നടത്തുന്ന സ്വാശ്രയ സമരത്തെ സംബന്ധിച്ചാണെന്നു ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. താന്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞെന്നു വരുത്തി സര്‍ക്കാറും താനും രണ്ടു തട്ടിലാണെന്നു വരുത്താനാണ് ശ്രമം. ഇതു തന്നെയും സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താനാണെന്നും വിശദീകരണക്കുറിപ്പിലൂടെ വി.എസ് വ്യക്തമാക്കി.

സ്വാശ്രയ പ്രശ്നത്തിൽ സർക്കാർ സമീപനം തെറ്റാണെന്ന് വി.എസ് പറഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു. സെക്രട്ടറിയേറ്റിന് മുമ്പിൽ യു.ഡി.എഫ് എം.എല്‍.എമാർ നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടതായാണ് വാർത്തവന്നത്.

അതിനിടെ, വി.എസിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി ഇ.പി.ജയരാജനും എം.ബി രാജേഷും എം.പിയും രംഗത്ത് വന്നിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആരും ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിന്റെ വിമര്‍ശത്തോട് പ്രതികരിച്ചിരുന്നില്ല.