ജയലളിതയ്‌ക്ക് അണുബാധ

09:17 pm 2/10/2016
images
ചെന്നൈ: ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് അണുബാധയെന്ന് സ്ഥിരീകരണം. അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അതേസമയം ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്. ലണ്ടനില്‍നിന്നെത്തിയ ഡോക്‌ടര്‍ ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ജയലളിതയെ ചികില്‍സിക്കുന്നത്. ചികില്‍സയുടെ ഭാഗമായി ആന്റി ബയോട്ടിക് മരുന്നുകളാണ് ജയലളിതയ്‌ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം ചെന്നെയിലെ ആശുപത്രി മുറിയില്‍ ജയലളിത വിശ്രമിക്കുകയാണെന്നും എല്ലാ ഭരണകാര്യങ്ങളും ജയലളിത അറിഞ്ഞുതന്നെയാണ് മുന്നോട്ട് പോകുന്നതെന്നും എ ഐ എ ഡി എം കെ വക്താവ് സരസ്വതി അറിയിച്ചു. ഇതിനിടെ ജയലളിതയുടെ ആശുപത്രി വാസത്തെച്ചൊല്ലി വാക്‌പോര് രൂക്ഷമായതോടെ ജയലളിത ക്യംപ് കൂടുതല്‍ സമ്മര്‍ദത്തിലായി.
കഴിഞ്ഞദിവസം ജയലളിതയെ സന്ദര്‍ശിച്ചശേഷം തമിഴ‌്നാട് ഗവര്‍ണര്‍, മുഖ്യമന്ത്രി വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. എന്നാല്‍ ജയലളിത വിശ്രമത്തിലാണെന്നും വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം സുപ്രധാന തീരുമാനങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയുടേതാണെന്നുമാണ് പാര്‍ട്ടി വക്താവ് സി.ആര്‍ സരസ്വതി ഇന്ന് ചെന്നൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
എന്നാല്‍ ജയലളിതയുടെ ആശുപത്രി വാസം നിയമവഴിയിലേക്കും നീങ്ങുകയാണ്. ആശുപത്രി മുറിയില്‍ ചില നേതാക്കള്‍ മുഖ്യമന്ത്രിയെ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാരോപിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജിക്കൊരുങ്ങുകയാണ് വിമത എ ഐ എ ഡി എം കെ നേതാവും എം പിയുമായ ശശികല പുഷ്പ. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ചിത്രം പുറത്തു വിടണമെന്ന ഡി എം.കെ അധ്യക്ഷന്‍ കരുണാനിഥിയുടെ പ്രസ്താവന തരം താണതായിപ്പോയെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ഖണ്ഡേയ ഖഡ്ജു കുറ്റപ്പെടുത്തി. വ്യക്തിടെ സ്വകാര്യതയും പ്രധാനപ്പെട്ടതാണെന്നും ഖഡ്ജു സൂചിപ്പിച്ചു. ഇതിനിടെ ജയലളിത വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച കോണ്‍ഗ്രസ് വ്യക്താവും നടിയുമായ ഖുഷ്ബു അനാവശ്യ കുപ്രചാരാണങ്ങള്‍ ഒഴിവാക്കണമെന്നു ആ വ ശ്യപ്പെട്ടു.