കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു

09:44 am 2/10/2016
images (2)

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്നതും സമാധാനം തകര്‍ക്കുന്നതുമായ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. പത്രം അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശ്രീനഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡോ. ഫാറൂഖ് അഹമ്മദ് ലോണ്‍ പ്രിന്‍റര്‍, പബ്ളിഷര്‍, ഉടമസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.
2010ലാണ് കശ്മീര്‍ റീഡര്‍ പ്രസിദ്ധീകരണം തുടങ്ങിയത്. ശ്രീനഗറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രചാരമുള്ള അഞ്ചു പത്രങ്ങളില്‍ ഒന്നാണിത്. പത്രത്തിനെതിരായ നടപടിയെ ഉടമയും എഡിറ്ററുമായ ഹാജി ഹയാത് മുഹമ്മദ് ഭട്ട് അപലപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വസ്തുനിഷ്ഠവും സത്യസന്ധവുമായാണ് തങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.