ഇന്ത്യ 316.

09;44 am 3/10/2016
images (3)

കൊല്‍ക്കത്ത: ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സിന് പ്രണയപരാജയം സമ്മതിച്ച രോഹിത് ഇന്ത്യ തകര്‍ന്നടിഞ്ഞ രണ്ടാം ഇന്നിങ്സില്‍ രക്ഷകവേഷത്തിലത്തെി. ഒറ്റക്കു പൊരുതിയ രോഹിത് സെഞ്ച്വറി കടക്കുമെന്നു തോന്നിപ്പിച്ച ശേഷം 82 റണ്‍സിന് ഇടറിവീണെങ്കിലും രണ്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 329 റണ്‍സിന്‍െറ ലീഡ് നേടിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇന്ത്യ 316, എട്ടിന് 227 (ബാറ്റിങ്). ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്സ് 204.
മൂന്നുവര്‍ഷം മുമ്പ് കന്നി ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ തുടങ്ങിയതാണ് ഈഡന്‍ ഗാര്‍ഡനോടുള്ള രോഹിതിന്‍െറ പ്രണയം. ആദ്യ ടെസ്റ്റില്‍ 177 റണ്‍സ് നേടിയ രോഹിത് തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയെ കൂട്ടക്കശാപ്പ് നടത്തി ഏകദിനത്തിലെ തന്‍െറ രണ്ടാമത്തെ ഡബ്ള്‍ സെഞ്ച്വറിയും ഉയര്‍ന്ന സ്കോറും കണ്ടത്തെിയതും ഇതേ മൈതാനത്തായിരുന്നു. 264 റണ്‍സ്. അതിനുപുറമെ ഐ.പി.എല്ലിലെ രണ്ടു സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനെ കലാശപ്പോരില്‍ കിരീടമണിയിച്ചതും ഈഡനില്‍. രഞ്ജി ട്രോഫിയില്‍ ഡബ്ള്‍ സെഞ്ച്വറി നേടിയതും ഈഡന്‍െറ നടുമുറ്റത്ത്.
ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സിന് മടങ്ങിയപ്പോള്‍ ഈഡന്‍ രോഹിതിനെ കൈവിട്ടുവെന്ന് തോന്നിച്ചതാണ്. പക്ഷേ, ഉചിതമായ സമയത്ത് മികച്ച സ്കോര്‍ പടുത്ത് ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങാന്‍ രോഹിത് തന്‍െറ ഈഡന്‍ പ്രണയം പുറത്തെടുത്തു.
ഏഴ് വിക്കറ്റിന് 128 എന്ന തലേദിവസത്തെ സ്കോറുമായി മൂന്നാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ 200 കടക്കാന്‍ സഹായിച്ചത് വാലറ്റത്ത് ജീതന്‍ പട്ടേല്‍ കാഴ്ചവെച്ച പോരാട്ടമായിരുന്നു. ഏകദിന ശൈലിയില്‍ 47 പന്തില്‍ 47 റണ്‍സെടുത്ത പട്ടേല്‍ അശ്വിന്‍െറ പന്തില്‍ ഷമി പിടിച്ച് പുറത്തായി. പിന്നെ 22 റണ്‍സുകൂടിയേ ന്യൂസിലന്‍ഡ് ഇന്നിങ്സിന് ആയുസ്സുണ്ടായുള്ളൂ. എട്ടാം വിക്കറ്റില്‍ പട്ടേലും വാറ്റ്ലിങ്ങും ചേര്‍ന്നെടുത്ത 60 റണ്‍സുകൂടി ഇല്ലായിരുന്നെങ്കില്‍ കിവികളുടെ അവസ്ഥ ദയനീയമാകുമായിരുന്നു. 204ല്‍ ന്യൂസിലന്‍ഡിനെ അവസാനിപ്പിക്കുന്നതില്‍ പതിവിനു വിപരീതമായി പങ്കുവഹിച്ചത് ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് മുഹമ്മദ് ഷമിയും സ്വന്തമാക്കി. സ്പിന്നര്‍മാരായ അശ്വിനും ജദേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഫാസ്റ്റ് ബൗളര്‍മാരായ ട്രെന്‍റ് ബോള്‍ട്ടിന്‍െറയും മാറ്റ് ഹെന്‍റിയുടെയും മുന്നില്‍ മുട്ടുവിറക്കുന്ന ഇന്ത്യയെയാണ് രണ്ടാം ഇന്നിങ്സില്‍ കണ്ടത്. സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ വെറും ഏഴ് റണ്‍സുമായി മുരളി വിജയ്, ഹെന്‍റിക്ക് കീഴടങ്ങി. മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ക്യാച്ച്. ഒന്നാം ഇന്നിങ്സില്‍ ബൗളര്‍മാരുടെ ക്ഷമപരീക്ഷിച്ച് ടോപ് സ്കോററായ ചേതേശ്വര്‍ പൂജാര നാല് റണ്‍സ് എടുത്തപ്പോഴേക്കും ഹെന്‍റിയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി പുറത്തായി. രണ്ടിന് 24.
തുടര്‍ച്ചയായ മൂന്ന് ഇന്നിങ്സിലും പരാജയമായ ക്യാപ്റ്റന്‍ കോഹ്ലി ഇക്കുറി കരുതിയാണ് ബാറ്റുമായി ഇറങ്ങിയത്. പക്ഷേ, മറുവശത്ത് കാര്യങ്ങള്‍ അത്ര ഭദ്രമായിരുന്നില്ല. 10 റണ്‍സ് സ്കോര്‍ ബോര്‍ഡിലത്തെിയപ്പോള്‍ 17 റണ്‍സെടുത്ത ധവാനും വിക്കറ്റിനുമുന്നില്‍ കുടുങ്ങി. ബോള്‍ട്ടിന് വിക്കറ്റ്. രഹാനെ വന്നതും പോയതും പെട്ടെന്നായിരുന്നു. ഒരു റണ്‍സ് മാത്രം സ്കോര്‍ ചെയ്ത രഹാനെ ഹെന്‍റിയുടെ ഷോര്‍ട്ട്പിച്ച് പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ബോള്‍ട്ടിന് പിടികൊടുക്കുകയായിരുന്നു. നാലിന് 43 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങിയ ഘട്ടം.
വിരാട് കോഹ്ലിക്ക് കൂട്ടായി രോഹിത് എത്തിയപ്പോള്‍ ഇന്നിങ്സ് ട്രാക്കില്‍ കയറിയെന്നു കരുതിയതാണ്. തുടക്കത്തില്‍തന്നെ രോഹിത്, ജീതന്‍ പട്ടേലിനെ സിക്സറിന് പറത്തുകയും ചെയ്തു. പക്ഷേ, 24ാം ഓവറില്‍ ഇന്ത്യക്ക് കനത്തപ്രഹരമേല്‍പിച്ചുകൊണ്ട് വീണ്ടും ബോള്‍ട്ട് അവതരിച്ചു. 65 പന്തില്‍ 45 റണ്‍സെടുത്ത കോഹ്ലിയും വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അശ്വിന്‍ എത്തിയെങ്കിലും അഞ്ചു റണ്‍സിന്‍െറ ആയുസ്സേ ഉണ്ടായുള്ളൂ. ഓഫ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നറുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ പിഴച്ചു. നാല് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെയാണ് കിവികള്‍ എല്‍.ബി.ഡബ്ള്യൂവില്‍ കുടുക്കിയത്.
പിന്നീടായിരുന്നു ഇന്ത്യ കാത്തിരുന്ന കൂട്ടുകെട്ട് പിറന്നത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ കൂട്ടിന് കിട്ടിയ രോഹിത് കെട്ടുപാടുകള്‍ പൊട്ടിച്ച് പന്ത് ഈഡന്‍െറ അതിരുകളിലേക്ക് പായിച്ചു. ഉത്തരവാദിത്തബോധത്തോടെ ഇന്നിങ്സിനെ താങ്ങിയ രോഹിത് 50ാമത്തെ ഓവറില്‍ പട്ടേലിനെ ബൗണ്ടറി കടത്തി ആറാമത്തെ ടെസ്റ്റ് അര്‍ധശതകം തികച്ചു.
132 പന്തില്‍ 82 റണ്‍സെടുത്ത രോഹിത്, മിച്ചല്‍ സാന്‍റ്നറെ പ്രതിരോധിക്കാനുള്ള ശ്രമം പിഴച്ച് വിക്കറ്റ് കീപ്പര്‍ ലുക് റോഞ്ചിയുടെ ഗ്ളൗവില്‍ ഒതുങ്ങുകയായിരുന്നു. മറ്റൊരു സെഞ്ച്വറിയുടെ വക്കില്‍നില്‍ക്കെ അമിത പ്രതിരോധത്തിലൂന്നിയതാണ് രോഹിതിന് വിനയായത്. അതിനിടയില്‍ രണ്ടു സിക്സറും ഒമ്പത് ബൗണ്ടറിയും ആ ബാറ്റില്‍നിന്ന് പിറന്നിരുന്നു. ഏഴാം വിക്കറ്റില്‍ രോഹിതും സാഹയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 103 റണ്‍സുകൂടി ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ കഥ നേരത്തെ കഴിഞ്ഞേനെ.
ഒമ്പതാമനായി ക്രീസിലത്തെിയ ജദേജ വന്നയുടന്‍ സാന്‍റ്നറെ സിക്സറിന് പറത്തിയെങ്കിലും ഷോട്ട് ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടയില്‍ സ്ക്വയര്‍ ലെഗില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ നീഷാമിന്‍െറ കൈകളില്‍ ഒതുങ്ങി. സാന്‍റ്നറെ മറ്റൊരു സിക്സിന് പറത്തിയ ഭുവനേശ്വര്‍ എട്ടു റണ്‍സുമായി 39 റണ്‍സെടുത്ത സാഹക്കൊപ്പം ക്രീസിലുണ്ട്.
അവസാനം വീണ മൂന്നു വിക്കറ്റുകളും സ്പിന്നര്‍ സാന്‍റ്നര്‍ സ്വന്തമാക്കിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. നാലാംദിനം ശേഷിക്കുന്ന രണ്ടു വിക്കറ്റിന് പരമാവധി റണ്‍സ് ചേര്‍ത്ത് ന്യൂസിലന്‍ഡിന് മുന്നില്‍ മികച്ചൊരു ലക്ഷ്യം കുറിച്ചാല്‍ സ്പിന്നര്‍മാരുടെ മികവില്‍ മറ്റൊരു വിജയം ഇന്ത്യന്‍ വഴിക്കു വന്നേക്കാം. ഒപ്പം പരമ്പര വിജയവും ഒന്നാം റാങ്കും.