രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍

05:14 pm 6/10/2016
download (18)

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വെമുലയുടെ മാതാവ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി ബണ്ടരു ദത്താത്രേയെയും വെള്ളപൂശുന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം മന്ത്രാലയത്തിന് കൈമാറിയത്. 41 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിൽ രോഹിതിന്റെ മാതാവ് രാധികയുടെ യഥാര്‍ഥ മാതാപിതാക്കള്‍ മാല സമുദായക്കാരായരിന്നുവെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും രാധികയെ ദത്തെടുത്ത മാതാപിതാക്കള്‍ ഇങ്ങനെ പറഞ്ഞുവെന്ന അവകാവാദം അവിശ്വസനീയമാണെന്നും പറയുന്നു.

റിപ്പോര്‍ട്ടിന് ആധാരമായി 50 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവ പ്രധാനമായും സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴികളാണ്. വെമുല ആക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് പേരുടെ മൊഴികള്‍ മാത്രമാണ് ജസ്റ്റിസ് രേഖപ്പെടുത്താന്‍ തയാറായത്. അതേസമയം, നേരത്തെ സ്മൃതി ഇറാനി നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ജാതി വിവേചനം നിലനില്‍ക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. അത് തള്ളിയാണ് മന്ത്രാലയം ഏകാംഗ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്.

രോഹിതിനെ പുറത്താക്കണമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് സ്മൃതി എഴുതിയ കത്തുകള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള കേന്ദ്രമന്ത്രി ബണ്ടരു ദത്താത്രേയയുടെ ഇടപെടലും കാരണമായെന്ന് ആരോപണം ഉയര്‍ന്നിരുന്നു.