2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരയ്ക്കാന്‍ കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍

02:20 pm 20/9/2016

– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_97619579
ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരക്കാന്‍ കോട്ടയം സ്വദേശിഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍. ഒക്ടോബര്‍ 9 ന് ഷിക്കാഗോയില്‍ വച്ചു നടക്കുന്ന പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായികൊണ്ട് മലയാളികള്‍ക്ക് അഭിമാനമാകുവാന്‍ വേണ്ടി കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ടു ലണ്ടന്‍ മലയാളികള്‍ രംഗത്ത്. യുകെയിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫും നിലമ്പൂര്‍ സ്വദേശി എബി മാത്യുവുമാണ് മലായാളി സാന്നിധ്യമായി ഷിക്കാഗോയില്‍ എത്തുന്നത്.

ഇതിനു മുന്‍പ് കഴിഞ്ഞ സെപ്തംബറില്‍ ബര്‍ലിനില്‍ നടന്ന 42-മത്് മാരത്തണ്‍, ഏപ്രിലില്‍ നടന്ന പാരീസ് മാരത്തണ്‍ , ലണ്ടന്‍, എഡിന്‍ബറോ, ഡബ്‌ളിന്‍ എന്നിവയടക്കം നിരവധി മാരത്തണ്‍ ഓട്ടങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങളോടെ ആര്‍ജ്ജിച്ച അനുഭവ സമ്പത്തുമായാണ് കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ് ഷിക്കാഗോ മാരത്തണില്‍ പങ്കെടുക്കുവാന്‍ ഒരുങ്ങുന്നത്. ലണ്ടന്‍ മലയാളിയായ സോജന്‍ ജോസഫ് 4 മണിക്കൂര്‍ 45 മിനിറ്റുകൊണ്ടാണ് ബര്‍ലിന്‍ മാരത്തണ്‍(42.195 കിമീ) ഫിനീഷ് ചെയ്തത്. കഴിഞ്ഞ 14 വര്‍ഷമായി കുടുംബസമേതം കെന്റില്‍ താമസിയ്ക്കുന്ന സോജന്‍, ഗ്‌ളോബല്‍ മലയാളി ഫെഡറേഷന്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റുകൂടിയാണ്.

സോജന്റെ സഹ ഓട്ടക്കാരനായ എബി മാത്യു നിലമ്പൂര്‍ സ്വദേശിയാണ്. കെന്റില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി താമസിക്കുന്ന എബിയുടെ മൂന്നാമത് മാരത്തണ്‍ ആണ് ഷിക്കാഗോയിലേത്. ഇതിനു മുന്‍പ് പാരീസ് മാരത്തനിലും എഡിന്‍ബര്‍ഗ് മാരത്തണിലും എബി പങ്കെടുക്കുകയും ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

സ്‌പോര്‍ട്‌സ് മുഖേന ആരോഗ്യം കാത്തുസൂക്ഷിയ്ക്കാന്‍ വരുംതലമുറയ്ക്ക് പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവ ഓട്ടക്കാര്‍ മാരത്തണില്‍ പങ്കാളിയാവുന്നത്. ഒരു അത്‌­ലറ്റിക്ക് പശ്ചാത്തലവും ഇല്ലാതെ 38 വയസ്സിന് ശേഷം ഇത്രയും പ്രയാസമേറിയ കായിക ഇനത്തിലേക്ക് ശ്രദ്ധ ഊന്നുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു എന്ന് സോജന്‍ ജോസഫ് അനുസ്മരിച്ചു. എന്നാല്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയും ചിട്ടയായ പരിശീലനവും ഭക്ഷണ രീതികളും കൊണ്ട് ഈ കായിക ഇനത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തം കയ്യൊപ്പു ചാര്‍ത്തുവാന്‍ തനിക്കായതില്‍ ദൈവത്തിന് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. മധ്യവയസ്സിലേക്ക് എത്തുമ്പോള്‍ വ്യായാമത്തിന്റെ കുറവ് കൊണ്ടും ഭക്ഷണ രീതിയുടെ അപര്യാപ്തത കൊണ്ടും നിരവധി മലായാളി സുഹൃത്തുക്കള്‍ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു എന്നുള്ള യാഥാര്‍ഥ്യം മനസ്സിലേക്ക് എത്തിയപ്പോള്‍, വ്യായാമത്തിന്റെ ആവശ്യകതയെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിലേക്ക് തിരിഞ്ഞത് എന്ന് അദ്ദേഹം അനുസ്മരിച്ചു. നിരവധി ചാരിറ്റികള്‍ക്ക് വേണ്ടി കൂടി ഓട്ടത്തില്‍ പങ്കെടുത്തിട്ടുണ്ട്. തുടക്കത്തില്‍ ഈ ഉദ്യമത്തില്‍ തനിയെ ആയിരുന്നു എങ്കില്‍, ഇപ്പോള്‍ നിരവധി സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുവാനും കൂടെ പങ്കെടുക്കുവാനും മുന്നോട്ടു വരുന്നുണ്ട് എന്നത് സന്തോഷം പകരുന്നു എന്ന് അദ്ദേഹം അറിയിച്ചു. ഷിക്കാഗോയിലെ റോഡുകളിലൂടെ 42 കി. മി ദൈര്‍ഘ്യമുള്ള ഷിക്കാഗോ മാരത്തണ്‍, ലോകത്തിലെ തന്നെ 6 പ്രധാന മാരത്തണുകളില്‍ ഒന്നാണ്. യൂറോപ്പിന് വെളിയിലെ സോജന്റെയും എബിയുടെയും ആദ്യത്തെ മാരത്തണ്‍ കൂടിയാണ് ഇത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികളാല്‍ സമ്പന്നമായ ഷിക്കാഗോയില്‍ വച്ച് നടത്തുന്ന മാരത്തണില്‍ മലയാളികള്‍ക്ക് അഭിമാനമായി ലണ്ടനില്‍ നിന്നുമെത്തിയ രണ്ടു മലയാളികള്‍ പങ്കെടുക്കുന്നു എന്നത് അഭിമാനര്‍ഹം തന്നെ. സോജന്‍ ജോസഫിനും എബി മാത്യുവിനും അമേരിക്കന്‍ മലയാളികളുടെ ആശംസകള്‍.