ബിജെപിയ്‌ക്ക് കിട്ടിയത് പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള ജനവിധിയെന്ന് പ്രധാനമന്ത്രി

09:21am 13/3/2017

download (8)

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് കിട്ടിയ വിജയത്തില്‍ അഹങ്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ വിജയം പുതിയ ഇന്ത്യയുടെ തുടക്കമായാണ് താന്‍ കാണുന്നതെന്നും മോദി പറഞ്ഞു. ഇന്നു പുതിയ ഒരു രാജ്യത്തെയാണു ഞാൻ കാണുന്നത്. യുവത്വം അഭിലഷിക്കുന്ന ഇന്ത്യ. പുതിയ ഒരു ഇന്ത്യ രൂപപ്പെടുന്നതു ഞാൻ കാണുന്നു. പുതിയ ഇന്ത്യയിൽ സ്വശ്രയരാകണമെന്നു പാവപ്പെട്ടവർപോലും ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പു വിജയം പൊതുജനത്തിന്റെ ഉത്തരവാണ്. ഈ ഉത്തരവ് നിർവഹിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ കണക്കുകളിൽ ജീവിക്കുന്നയാളല്ല താനെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്റെ ലക്ഷ്യം 2019 അല്ല 2022 ആണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി 75–ാം വർഷമാണ് 2022. ഇന്ത്യയെ മാറ്റുന്നതിനു സംഭാവന നൽകാൻ നമുക്ക് അഞ്ച് വർഷമുണ്ട്.∙ പാവപ്പെട്ടവരുടെ ശക്തിയും മധ്യവർഗത്തിന്റെ അഭിലാഷങ്ങളും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. ബിജെപിയിൽ അർപ്പിച്ച വിശ്വാസം പാഴായിപ്പോകില്ലെന്ന് അഞ്ച് സംസ്ഥാനങ്ങൾക്കും ഉറപ്പു നൽകുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും വന്‍ വരവേല്‍പ്പാണ് നല്‍കിയത്.അശോക റോഡിലെ 500 മീറ്റര്‍ ദൂരത്തിലുള്ള എല്ലാ മരത്തിലും ഓരോ കട്ടൗട്ടുണ്ട്, അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രിയെ അനുമോദിക്കാന്‍ ബിജെപി ആസ്ഥാനത്തൊരുക്കിയ ചടങ്ങിലേക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നരേന്ദ്ര മോദി എത്തുമ്പോഴും ആവേശം ഒട്ടും കുറയാതെ പ്രവര്‍ത്തകര്‍ മോദിക്ക് ജയ് വിളിക്കുന്നുണ്ടായിരുന്നു.ലെ മെറഡിയന്‍ സര്‍ക്കിള്‍ മുതല്‍ ബിജെപി ആസ്ഥാനത്തേക്ക് നടന്ന് വന്ന പ്രധാനമന്ത്രി പ്രവര്‍ത്തകരുടെ ആവേശത്തിന് കരുത്ത് പകര്‍ന്നു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കിട്ടിയ മിന്നും വിജയത്തിന്റെ ബഹുമതി പൂര്‍ണ്ണമായും മോദിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്.മോദിയുടെ വ്യക്തി പ്രഭാവം വരുന്ന തെരഞ്ഞെടുപ്പുകളിലും ഉപകരിക്കും എന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് രണ്ടഭിപ്രായമില്ല.വികസനത്തിന്റെ അജണ്ട മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് അമിത് ഷാ പറഞ്ഞെങ്കിലും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മഹാനായ നേതാവാണ് മോദിയെന്ന് പറഞ്ഞ് വച്ചാണ് അദേഹം പ്രസംഗം അവസാനിപ്പിച്ചത്.