35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ

08:07 am 31/12/2016

images
മോസ്കോ/വാഷിങ്ടണ്‍: തങ്ങളുടെ 35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ. അമേരിക്കയുടെ നടപടിക്ക് തിരിച്ചടിയായി യു.എസിന്‍െറ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് വിദേശകാര്യ മന്ത്രി സര്‍ജി ലാവ്്റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര നടപടി ഉണ്ടാവില്ളെന്ന് വ്യക്തമാക്കിയ പുടിന്‍, നിയുക്ത യു.എസ് പ്രസിഡന്‍റ്് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതുവരെ കാത്തിരിക്കുമെന്നും പറഞ്ഞു.

നവംബറില്‍ നടന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കഴിഞ്ഞദിവസം 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രസിഡന്‍റ് ബറാക് ഒബാമ പുറത്താക്കിയത്. എന്നാല്‍, യു.എസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് റഷ്യ ആവര്‍ത്തിച്ചു.
അതിനിടെ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ച് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്‍റും നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ‘ഫാന്‍സി ബിയര്‍’, ‘കോസി ബിയര്‍’ എന്നീ സംഘങ്ങളാണ് ഇടപെടല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

റഷ്യന്‍ അത്ലറ്റുകള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ വെബ്സൈറ്റ് ആക്രമിച്ചതുള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ വിവിധ സൈബര്‍ സുരക്ഷാലംഘനങ്ങള്‍ ‘ബിയര്‍’ സംഘം നടത്തിയതായി വിദഗ്ധര്‍ പറയുന്നു. ‘ബിയര്‍’ സംഘത്തെ കരുതിയിരിക്കണമെന്നും മേലില്‍ ഇവരുടെ ഇടപെടല്‍ കണ്ടത്തെിയാല്‍, സര്‍ക്കാറിനെ അറിയിക്കണമെന്നും എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.യു.എസിനെതിരെ ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ചാണ് റഷ്യന്‍ ഉദ്യോഗസ്ഥരെ ഒബാമ പുറത്താക്കിയത്. കൂടുതല്‍ നടപടികളുണ്ടാവുമെന്നും റഷ്യയുടെ നടപടിയെ കുറിച്ച് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും ഒബാമ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 2001ന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര യുദ്ധം ഇത്രമേല്‍ രൂക്ഷമാവുന്നത്. 2001ല്‍ ജോര്‍ജ് ഡബ്ള്യു. ബുഷ് ഭരണകൂടം 51 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയപ്പോള്‍ 50 യു.എസ് നയതന്ത്രജ്ഞരെ പുറത്താക്കിയാണ് റഷ്യ തിരിച്ചടിച്ചത്.