പി. ജയരാജന്‍ കോഴിക്കോട് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമെന്ന്

10:12am 31/3/2016

p jayarajan3x2

വടകര: കണ്ണൂര്‍ ജില്ലയില്‍ പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂര്‍ ജില്ലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സ്ഥാനാര്‍ഥികളായ കെ.കെ. ശൈലജ, ബിനോയ് കുര്യന്‍, ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ എന്നിവരാണ് ജയരാജനെ സഹോദരിയുടെ വീട്ടിലത്തെി സന്ദര്‍ശിച്ചത്.

‘എന്നെ മാത്രം ആശ്രയിച്ചല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. അരലക്ഷത്തോളം പാര്‍ട്ടി മെമ്പര്‍മാരുള്ള ജില്ലയാണ് കണ്ണൂര്‍. അത്തരമൊരു ജില്ലയില്‍ എന്റെ അസാന്നിധ്യത്തിലും ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നടക്കും. എന്റെ അസാന്നിധ്യം എങ്ങനെയാണ് സംഭവിച്ചതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മതനിരപേക്ഷതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു വിഷമസ്ഥിതി എനിക്കുണ്ടായത്. എല്‍.ഡില്‍.എഫിനെ അനൂകൂലിക്കുന്നവര്‍ മാത്രമല്ല മറ്റുള്ളവരും ഈ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ആവശ്യമാണെന്ന് ചിന്തിക്കുന്നുണ്ട്. അവര്‍ നല്ലൊരു വിജയം നല്‍കുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്. ഒമ്പതാം തീയതി വരെ എന്റെ ചികിത്സ തുടരും.അതിനുശേഷം ആരോഗ്യ സ്ഥിതി അനുവദിക്കുന്നിടത്തോളം കാലം പ്രവര്‍ത്തന രംഗത്ത് ഇറങ്ങാനാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുള്ളത’. ജയരാജന്‍ പറഞ്ഞു.