കിവീസ് മടങ്ങി ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു

10:20am 31/3/2016
images

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഏഴു വിക്കറ്റ് ജയത്തോടെ ഇംഗ്‌ളണ്ട് ഫൈനലിലേക്കും. സൂപ്പര്‍ ടെന്നില്‍ ആധികാരികമായ നാലു ജയങ്ങളുമായി ഗ്രൂപ് ചാമ്പ്യന്മാരായത്തെിയ ന്യൂസിലന്‍ഡ് അടവുകളെല്ലാം മറന്ന് നിരായുധരായപ്പോള്‍, ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്ത സ്‌റ്റൈലില്‍ ഇംഗ്‌ളീഷുകാര്‍ വിജയം പിടിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മാന്യമായ സ്‌കോറായിരുന്നു. എന്നാല്‍, ഇംഗ്‌ളണ്ട് ക്രീസിലത്തെിയതോടെ സ്വഭാവം മാറി. കൂറ്റനടികളുമായി ഓപണര്‍ ജാസണ്‍ റോയ് (44 പന്തില്‍ 78) മുന്നില്‍നിന്ന് നയിച്ചതോടെ ഇംഗ്‌ളണ്ട് 17.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് കിരീടപ്പോരാട്ടം. ഇന്ത്യവിന്‍ഡീസ് രണ്ടാം സെമിയിലെ വിജയിയെ ഫൈനലില്‍ നേരിടും. ടോസ് നേടിയ ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ കിവികളെ ബാറ്റിങ്ങിനയക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും മൂക്കത്ത് വിരല്‍വെച്ചുപോയിരുന്നു. പക്ഷേ, ചേസ്‌ചെയ്ത് ജയിക്കാനുള്ള ടീമിന്റെ മിടുക്കില്‍ നായകന്‍ അര്‍പ്പിച്ച വിശ്വാസം അക്ഷരംപ്രതി ശരിയായി.

11 ബൗണ്ടറിയും രണ്ട് സിക്‌സറുമായി ജാസണ്‍ റോയ് കൊളുത്തിയ വെടിക്കെട്ട് സമാപിക്കുമ്പോഴേക്കും ഇംഗ്‌ളണ്ട് ജയം ഉറപ്പിച്ചു. എട്ട് ഓവറില്‍ 82 റണ്‍സിലത്തെിയപ്പോഴേ ഓപണര്‍ അലക്‌സ് ഹെയ്ല്‍സ് പുറത്തായുള്ളൂ. 13ാം ഓവറില്‍ സ്‌കോര്‍ 110ലത്തെിയപ്പോള്‍ റോയ് മടങ്ങിയെങ്കിലും പിന്നാലെയത്തെിയ ജോ റൂട്ടും (27) ജോസ് ബട്‌ലറും (32) ഇംഗ്‌ളണ്ടിനെ അനായാസ വിജയത്തിലത്തെിച്ചു. പടുകൂറ്റന്‍ സ്‌കോറിലേക്കെന്നപോലെയായിരുന്നു കിവീസിന്റെ ബാറ്റിങ്. പക്ഷേ, തുടക്കത്തിലെ റണ്ണൊഴുക്കിനുശേഷം ഇംഗ്‌ളണ്ട് നിയന്ത്രണത്തോടെ പന്തെറിഞ്ഞ് 153ല്‍ പിടിച്ചുനിര്‍ത്തി.സ്‌കോര്‍ പിന്തുടരുന്നത് ദുഷ്‌കരമാകുന്ന പിച്ചില്‍ കിട്ടിയ അവസരം മുതലാക്കുന്ന വിധമായിരുന്നു ന്യൂസിലന്‍ഡിന്റെ തുടക്കം. ഡേവിഡ് വില്ലി എറിഞ്ഞ ആദ്യ പന്തുതന്നെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ബൗണ്ടറി കടത്തി. ആദ്യ ഓവറില്‍ ന്യൂസിലന്‍ഡ് നേടിയത് 11റണ്‍സ്.

ആവേശം അതിരു കടന്നപ്പോള്‍ ഗുപ്റ്റില്‍ തന്നെ ആദ്യം വീണു. സ്‌കോര്‍ 15ല്‍ നില്‍ക്കെ വില്ലിയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ പിടികൂടുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് കൂട്ടായി ക്രീസിലത്തെിയ കോളിന്‍ മണ്‍റോ വമ്പന്‍ അടികളോടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ വിലപ്പെട്ട 74 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സ്പിന്നര്‍ മൊയിന്‍ അലിയെ വിളിക്കാനുള്ള ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ തീരുമാനം ശരിയായിരുന്നു. മൂന്നാമത്തെ പന്തില്‍ വില്യംസണ്‍ വീണു. കൂറ്റനടിക്ക് ശ്രമിച്ച വില്യംസണെ സ്വന്തം ബൗളിങ്ങില്‍ പിന്നിലേക്കോടി മൊയിന്‍ അലി തന്നെ മനോഹരമായി കൈയിലൊതുക്കി. 28 പന്തില്‍ 32 റണ്‍സാണ് വില്യംസണ്‍ നേടിയത്.

അപ്പോഴും മറുവശത്ത് പതറാതെ കോളിന്‍ മണ്‍റോ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ആദില്‍ റാഷിദിനെ റിവേഴ്‌സ് സ്വീപ്പിലൂടെ സിക്‌സും പറത്തി. കൂടുതല്‍ അക്രമാസക്തനാകുന്നതിനിടെ ലിയം പ്‌ളങ്കറ്റിന്റെ പന്തില്‍ മൊയിന്‍ അലി ബൗണ്ടറിക്കു മുന്നില്‍ മണ്‍റോയെ പിടികൂടി. 32 പന്തില്‍ 46 റണ്‍സാണ് മണ്‍റോ സംഭാവന ചെയ്തത്. സിക്‌സറും രണ്ട് ഫോറുമടക്കം 23 പന്തില്‍ 28 റണ്‍സെടുത്ത് കൊറി ആന്‍ഡേഴ്‌സണ്‍ പെട്ടെന്നുതന്നെ മടങ്ങി. ബെന്‍ സ്‌റ്റോക്കിന് വിക്കറ്റ്.റോസ് ടെയ്‌ലര്‍ വന്നെങ്കിലും ഇംഗ്‌ളീഷ് ബൗളര്‍മാര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ജോര്‍ദന്റെ പന്തില്‍ ഒയിന്‍ മോര്‍ഗന് ക്യാച്ച്. പിന്നെ തുടരെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. അവസാന ഘട്ടത്തില്‍ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഇംഗ്‌ളീഷ് ബൗളര്‍മാര്‍ വമ്പന്‍ സ്‌കോറിലത്തൊന്‍ ന്യൂസിലന്‍ഡിനെ അനുവദിച്ചില്ല. ഒടുവില്‍ എട്ട് വിക്കറ്റ് എറിഞ്ഞിട്ട ഇംഗ്‌ളണ്ട് ന്യൂസിലന്‍ഡിനെ 20 ഓവറില്‍ 153 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. ബെന്‍ സ്‌റ്റോക് മൂന്ന് വിക്കറ്റ് വീഴ്ത്തി.