09:12 am 23/6/2017
ശ്രീനഗർ: മോസ്കിൽനിന്ന് ആളുകൾ പുറത്തിറങ്ങിവരുന്ന ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. ജമ്മു കാഷ്മീരിലെ ശ്രീനഗറിന്റെ പ്രാന്തത്തിലുള്ള നൗഹാട്ട പ്രദേശത്താണ് സംഭവം.
പള്ളിയിൽനിന്ന് ആളുകൾ പുറത്തിറങ്ങുന്ന ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജനക്കൂട്ടം യുവാവിനെ പിടികൂടി. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞെങ്കിലും വെളിപ്പെടുത്താൻ തയാറായില്ല. ഇതിനിടെ പരിഭ്രമത്തിൽ യുവാവ് കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ആളുകൾക്കു നേർക്കു വെടിവച്ചു. വെടിവയ്പിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇതിൽ കുപിതരായ ജനക്കൂട്ടം യുവാവിനെ മർദിക്കുകയായിരുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.