തൃശൂര്‍ പൂരം വെടിക്കെട്ടിനും ശബരിമല വെടി വഴിപാടിനും അനുമതി

09:20am 16/4/2016
download (3)
കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. രാത്രി പത്തിനും ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്ന സുപ്രീം കോടതിയുടെ 2005ലേയും 2007ലേയും ഉത്തരവുകള്‍ പാലിച്ചുവേണം പൂരം നടത്താനെന്ന ഉപാധിയോടെയാണ് അനുമതി. 125 ജെസിബലില്‍െ താഴെ ശബ്ദമുള്ള വെടിക്കെട്ടു നടത്താമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പൂരത്തോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നു ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പാക്കണം, പൈതൃക പ്രാധാന്യമുള്ള വടക്കുന്നാഥ ക്ഷേത്രത്തിന് കേടുപാടുണ്ടാകരുത്, വെടിക്കെട്ടിനായി ഉപയോഗിക്കുന്നതും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും സാമ്പിള്‍ ശേഖരിച്ച് നിരോധിത വസ്തുങ്ങള്‍ അടങ്ങിയിട്ടുണ്ടോയെന്ന് എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ പരിശോധിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവച്ചു.
മത ചടങ്ങെന്നതിനപ്പുറം തൃശൂര്‍ പൂരം സാംസ്‌കാരികപരമായും സാമൂഹികപരമായും ഏറെ പ്രധാനമുള്ളതാണെന്നും ഒഴിവാക്കാനാകില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ചൂണ്ടിക്കാട്ടി. സൂര്യാസ്തമയം മുതല്‍ അടുത്ത സൂര്യോദയം വരെ വെടിക്കെട്ട് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചിട്ടുള്ളതാണെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും കോടതിയെ അറിയിച്ചു. 2007ലെ സുപ്രീം കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയ സാഹചര്യത്തില്‍ സുര്യാസ്തമയം മുതല്‍ അടുത്ത സൂര്യോദയം വരെ വെടിക്കെട്ട് തടഞ്ഞുകൊണ്ടുള്ള ആദ്യ ഉത്തരവില്‍ തിരുത്തല്‍ വരുത്തുന്നതായി തുടര്‍ന്ന് കോടതി പറഞ്ഞു. രാത്രി പത്തിനും പിറ്റേന്ന് രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും അനുവദനീയ സമയങ്ങളില്‍ 125 ഡെസിബല്‍ ശബ്ദത്തില്‍ വെടിക്കെട്ട് നടത്താമെന്നും കോടതിവ്യക്തമാക്കി.
രാത്രി പത്തുമുതല്‍ രാവിലെ ആറു വരെ വെടിക്കെട്ട് പാടില്ലെന്ന 2005ലെ സുപ്രീം കോടതി ഉത്തരവിനു ശേഷം 2008ലും 2011ലും എക്‌സ്‌പ്ലോസീവ്‌സ് ചട്ടത്തില്‍ ഭേദഗതി വരുത്തിയെങ്കിലും നിശ്ചിത സമയത്ത് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഭേദഗതിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ഉത്തരവിലെ പരാമര്‍ശമാകും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, അനുവദനീയമായ സമയത്ത് ആചാരപരമായ കാരണത്താല്‍ എക്‌സ്‌പ്ലോസീസവ്‌സ് നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും പാലിച്ച് 125 ഡെസിബല്‍ ശബ്ദത്തില്‍ വെടിക്കെട്ടാകാമെന്ന് 2007 മാര്‍ച്ച് 26ന് സുപ്രീം കോടതിയുടെ മറ്റൊരു ഉത്തരവുണ്ടായി. ശബ്ദത്തേക്കാള്‍ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കോപ്പുകള്‍ക്ക് നിര്‍മാതാക്കള്‍ പ്രാധാന്യം നല്‍കണമെന്ന ഉത്തരവും കോടതി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമാകണം കരിമരുന്ന് ഉപയോഗമെന്ന ഉപാധിയോടെ തൃശൂര്‍പൂരത്തിന് അനുമതി നല്‍കിയത്.
വെടിക്കെട്ടിന്റെ ശബ്ദം ഉല്‍സവത്തിന് അണിനിരത്തുന്ന ആനകള്‍ക്ക് അലോസരമുണ്ടാക്കുമെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. എന്നാല്‍, നിയമലംഘനത്തിന് നടപടി സ്വീകരിക്കാന്‍ ബോര്‍ഡിന് അധികാരമില്ലെന്നും ഉപദേശക സമിതിയുടേയും വിവര കൈമാറ്റ ഏജന്‍സിയുടേയും പ്രവര്‍ത്തനമാണു നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു്. എന്നാല്‍, വെടിക്കെട്ടിന് ഒരുക്കിയിട്ടുള്ള സ്ഥലത്തുനിന്ന് ഏറെ ദൂരത്തിലാണ് ആനകളെ അണിനിരത്തുന്നതെന്നു അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അറിയിച്ചു. ഇക്കാര്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനിവാര്യ ശ്രദ്ധയുണ്ടായിരിക്കണമെന്നും അസുഖമുണ്ടെന്നു തോന്നുന്ന ആനകളെ പ്രദര്‍ശനത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ച കോടതി, ആനകളുടെ പ്രദര്‍ശനത്തിനും അനുമതി നല്‍കി.
കോടതി അനുമതി ലഭിച്ചതോടെ തൃശൂര്‍ പൂരത്തിനു മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് കനത്ത സുരക്ഷാ വലയത്തില്‍ നടന്നു. അനുമതിപത്രം ലഭിക്കാന്‍ താമസിച്ചതിനാല്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകി എട്ടേകാലോടെയാണ് സാംപിള്‍ വെടിക്കെട്ട് ആരംഭിച്ചത്. സ്വരാജ് റൗണ്ടില്‍ സി.എം.എസ്. സ്‌കൂള്‍ മുതല്‍ മാരാര്‍ റോഡ് വരെയുള്ള ഭാഗത്ത് ബാരിക്കേഡ് തീര്‍ത്ത് ജനങ്ങളെ തടഞ്ഞു.