50 കോടി യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി

12;00 pm 23/09/2016
download
സാന്‍ഫ്രാന്‍സിസ്‌കോ: 2014ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി യാഹു. ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പാസ് വേഡുകള്‍ എന്നിവ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്കാര്‍ഡ്-ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ഈ ഹാക്കിങ് ലോകത്തെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ കുറ്റകൃത്യമാകാനാണാണ് സാധ്യത.നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതു സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.

ലോകത്തെ മുന്‍നിര ഇന്‍റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹൂ തങ്ങളുടെ ഇന്‍റര്‍നെറ്റ് അടക്കമുള്ള പ്രധാന സേവനങ്ങള്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. യാഹുവിന്‍റെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ 500 കോടി ഡോളറിന് വാങ്ങുന്നതായി കഴിഞ്ഞ ജൂലായില്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍സിന് വ്യക്തമാക്കിയിരുന്നു.

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് യാഹൂവിനു നേരെ ഉണ്ടായിട്ടുള്ളതെന്ന് സൈബര്‍ സുരക്ഷ രംഗത്തെ പ്രശസ്തര്‍ ചൂണ്ടിക്കാട്ടി. ഹാക്കര്‍മാരെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടെ മര്‍മ്മ പ്രധാനമായ പല കാര്യങ്ങളും ഇനിയും വ്യക്തമാകാനുണ്ടെന്നിരിക്കെ ഇത് യാഹൂവിനും അക്കൌണ്ട് ഉടമകള്‍ക്കും എത്രമാത്രം പ്രത്യാഘാതം സമ്മാനിക്കുമെന്ന് വിലയിരുത്താനാകില്ലെന്നും ഇവര്‍ പറഞ്ഞു. 2014ലാണ് സൈബര്‍ ആക്രമണം നടന്നതെങ്കിലും മറ്റൊരു സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതായി വെരിസോണ്‍ വക്താവ് പറഞ്ഞു.