അരുണാചല്‍ മുഖ്യമന്ത്രി നബാം തുകി രാജിവച്ചു

01.30 PM 16-07-2016
IndiaTv27dff6_tiku
അരുണാചല്‍പ്രദേശിലെ രാഷ്ട്രീയ നാടകത്തിന് ഒടുവില്‍ പരിസമാപ്തി. വിശ്വാസവോട്ട് തേടുന്നതിനു മണിക്കൂറുകള്‍മാത്രം ശേഷിക്കേ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നബാം തുകി രാജിവച്ചു. നബാം തുകിയോട് വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടിതി വിധിച്ചെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കുറവാണെന്നതാണ് രാജിയിലേക്കു നയിച്ചത്. അതിനിടെ തുകിക്കു പകരം കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി പെമ ഖണ്ഡുവിനെ പാര്‍ട്ടി രാവിലെ നടന്ന ചര്‍ച്ചയില്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് തുകിയുടെ രാജി. ഇന്നുച്ചയ്ക്കു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ തുകിക്കു പകരം പെമ ഖണ്ഡുവിനെ നിയമസഭാ നേതാവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. വിമത കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ഉള്‍പ്പെടെ നടത്തിയ യോഗത്തിലായിരുന്നു പുതിയ തീരുമാനം.
വിശ്വാസ വോട്ടെടുപ്പിന് മുഖ്യമന്ത്രി നബാം തുകി പത്തു ദിവസത്തെ സമയം തേടിയെങ്കിലും ഗവര്‍ണര്‍ തഥാഗത റോയി വെള്ളിയാഴ്ച അതു നിരസിച്ചിരുന്നു. അറുപതംഗ നിയമസഭയില്‍ തനിക്ക് 43 പേരുടെ പിന്തുണയുണ്ടെന്നാണു സ്ഥാനംപോയ മുഖ്യമന്ത്രി കലിക്കോ പുള്‍ പറയുന്നത്. കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ചേര്‍ന്ന പിപിഎയ്ക്ക് 30 അംഗങ്ങള്‍ ഉണ്ട്. ബിജെപിയുടെ പതിനൊന്നുപേരും രണ്ടു സ്വതന്ത്രരും തന്നെ പിന്താങ്ങുന്നതായി പുള്‍ പറഞ്ഞു. തുകിക്കു 15 പേരുടെ പിന്തുണയേ കിട്ടൂ എന്നാണു പുള്‍ പറയുന്നത്.