കേരള ആര്‍.ടി.സി ഇന്നത്തെയും നാളത്തെയും ബംഗളൂരു സര്‍വിസുകള്‍ റദ്ദാക്കി

09:16 AM 21/09/2016
images (9)
ബംഗളൂരു: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ച് ബംഗളൂരുവിലേക്കുമുള്ള എല്ലാ ബസ് സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റെടുത്തവരുടെ പണം മുഴുവനായും തിരിച്ചുനല്‍കും. കാവേരിയില്‍നിന്ന് 6000 ഘനയടി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനു പിന്നാലെ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ചത്തെ എല്ലാ സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കിയിരുന്നു. സാധാരണ ഇടദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് കാര്യമായ തിരക്കുണ്ടാകില്ളെങ്കിലും പെരുന്നാള്‍, ഓണം അവധിക്കുശേഷം ബംഗളൂരുവിലേക്ക് തിരിക്കുന്ന മലയാളികള്‍ ഏറെയാണ്. ഇവരാണ് സര്‍വിസ് റദ്ദാക്കിയതോടെ ദുരിതത്തിലായത്. ചൊവ്വാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസുകള്‍ പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ സര്‍വിസ് അവസാനിപ്പിച്ചു.

കര്‍ണാടക ആര്‍.ടി.സിയും സ്വകാര്യ ബസുകളും നാട്ടിലേക്ക് സര്‍വിസ് നടത്തുന്നില്ല. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള കര്‍ണാടക ആര്‍.ടി.സിയുടെയും തമിഴ്നാട് കോര്‍പറേഷന്‍െറയും ബസ് സര്‍വിസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാനാന്തര റൂട്ടില്‍ ഒരാഴ്ചയിലേറെയായി ദീര്‍ഘദൂര ബസുകള്‍ കുറഞ്ഞതോടെ ട്രെയിനുകളെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്. കേരള, കര്‍ണാടക ആര്‍.ടി.സി, തമിഴ്നാട് കോര്‍പറേഷന്‍ ബസുകള്‍ക്കും സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ക്കും ഇതുമൂലം കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.