ഇന്ത്യാ പ്രസ്ക്ലബ് മാധ്യമശ്രീ പുരസ്കാര സമര്‍പ്പണചടങ്ങില്‍ എം.ബി.രാജേഷ് എം.പി മുഖ്യാതിഥി.

09:38 am 8/11/2016

Newsimg1_38058936
ഹൂസ്റ്റണ്‍: ദശാബ്ദം പിന്നിട്ട ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്നേച്ചര്‍ പദ്ധതിയായ “മാധ്യമശ്രീ പുരസ്കാരം’ സമര്‍പ്പിക്കുന്നതിന് ഹൂസ്റ്റണില്‍ ചേരുന്ന യോഗത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവപോരാളിയായ എം.ബി.രാജേഷ് എം.പി, മുഖ്യാതിഥി ആവും. പാലക്കാട് ലോക്‌സഭാമണ്ഡലത്തില്‍ രണ്ടാം വട്ടവും വിജയക്കൊടി പാറിച്ച എം ബി രാജേഷ് പാര്‍ലമെന്റിലെ മികച്ച പ്രകടനംകൊണ്ട് മണ്ഡലത്തിലും സംസ്ഥാനത്തും മാത്രമല്ല ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായ പാര്‍ലമെന്ററി സാന്നിദ്ധ്യമാണ്.

പ്രമുഖ ടെലിവിഷന്‍ ജര്‍ണലിസ്റ്റും നിയമസഭയിലെ ആറന്മുളയുടെ പ്രതിനിധിയുമായ വീണാ ജോര്‍ജ് ആണ് മാധ്യമശ്രീ പുരസ്കാര ജേതാവ്. അധ്യാപനത്തില്‍ നിന്നും പത്രപ്രവര്‍ത്തനത്തിലെത്തി അവിടെ നിന്നും ജനപ്രതിനിധിയുടെ റോള്‍ ഏറ്റെടുത്ത അപൂര്‍വ നേട്ടത്തിനുടമയാണ് വീണാ ജോര്‍ജ്. അര്‍പ്പണ ബോധമുളള മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ജനപക്ഷത്തുനിന്ന് പോരാടിയഒരു മാധ്യമ പ്രവര്‍ത്തക ജനപ്രതിധിനി സഭയിലെത്തിയിരിക്കുകയാണ്. ദശാബ്ദം പിന്നിട്ട ഇന്ത്യ പ്രസ്ക്ലബ്ബിന്റെ മാധ്യമശ്രീ പുരസ്കാരത്തിന് അര്‍ഹയായ ആദ്യ വനിതയെന്ന ബഹുമതിയും വീണാ ജോര്‍ജിന് സ്വന്തം. ഒരുകാലത്ത് സ്ത്രീകള്‍ കടന്നു വരാന്‍ മടിച്ച മേഖലയില്‍ സമീപകാലത്തെത്തി എണ്ണം പറഞ്ഞ നേട്ടങ്ങള്‍ കീഴടക്കിയ വനിതയെന്ന നിലയിലാണ് വീണയുടെ മാധ്യമശ്രീ പുരസ്കാരലബ്ദി. വിനോദ പരിപാടികളുടെ അവതാരകരെന്ന നിലയില്‍ മാത്രം സ്ത്രീകളെ വിലയിരുത്തിയിരുന്ന പ്രേക്ഷകരിലേയ്ക്ക് തീക്ഷ്ണമായ രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കടന്നുവന്ന വീണ, ഈ മേഖലയിലെ പുരുഷാധിപത്യത്തെ തകര്‍ത്തെറിഞ്ഞ ടെലിവിഷന്‍ സാന്നിദ്ധ്യമാണ്.

വികസനം സമഗ്രമാക്കുന്നതിലും വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പ്രത്യേകം താല്‍പ്പര്യമെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ട രാജേഷ് എംപി ഫണ്ട് വിനിയോഗത്തിലും ഒന്നാമനാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പാര്‍ലമെന്റ് പ്രവര്‍ത്തനത്തിനിടയില്‍ മികച്ച എംപിക്കുള്ള കാല്‍ ഡസനിലധികം പുരസ്കാരങ്ങള്‍ എം.ബി.രാജേഷിനെ തേടിയെത്തി. “ദ വീക്ക്’ എന്ന ഇംഗ്ലീഷ് വാരിക 2010-11 ല്‍ മികച്ച യുവ എംപിയായി തെരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ 2013 ലെ മികച്ച എംപിയായി രാജേഷിനെയാണ് അവാര്‍ഡിന് പരിഗണിച്ചത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാഗസിന്‍ ജനപ്രിയ എംപിയായി ഈ വര്‍ഷം തെരഞ്ഞെടുത്തതും രാജേഷിനെ. സാമൂഹിക സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ലമെന്റിലെ അഗ്രഗണ്യനായ രാജേഷ് കിടയറ്റ ഗ്രന്ഥകര്‍ത്താവും മികവുറ്റ വാഗ്മിയുമാണ് . “ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും’, “ആഗോളവല്‍ക്കരണത്തിന്റെ വിരുദ്ധ ലോകങ്ങള്‍’, “മതം, മൂലധനം, രാഷ്ട്രീയം’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം “ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങള്‍’ എന്ന ലേഖന സമാഹാരം എഡിറ്റ് ചെയ്ത് പുറത്തിറക്കുകുയും ചെയ്തു. പെട്രാളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് കമ്മിറ്റി ഓഫ് പെറ്റീഷനിങ് തുടങ്ങിയ പാര്‍ലമെന്റ് സമിതികളില്‍ പ്രവര്‍ത്തിച്ച രാജേഷ,് പാര്‍ലമെന്റിലെ 132 സംവാദങ്ങളില്‍ പങ്കെടുക്കുകയും 500 ലധികം ചോദ്യങ്ങളുന്നയിക്കുകയും ചെയ്ത് അനുപമമായ ഇടതുപക്ഷ-മതനിരപേക്ഷ-ജനപക്ഷ നിലപാട് തെളിയിച്ച പ്രത്യയശാസ്ത്ര ദൃഢതയാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വേണ്ടി പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ ചോദ്യമുന്നയിച്ചതും രാജേഷാണ്.

ഷൊര്‍ണൂര്‍ ചളവറയില്‍ റിട്ട. ഹവില്‍ദാര്‍ ബാലകൃഷ്ണന്‍ നായരുടെയും എം കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിലാണ് രാജേഷ് ജനിച്ചത്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടിയ രാജേഷ്, സി.പി.ഐ.എം. പാലക്കാട് ജില്ലാക്കമ്മറ്റി അംഗം കൂടിയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളീലും മികവ് തെളിയിച്ചിട്ടുണ്ട്. എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലെ അദ്വതീയ വിജയത്തിന് ശേഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി. ഇപ്പോള്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ രാജേഷ് സിപിഐ എം സംസ്ഥാനകമ്മിറ്റിയിലെ ക്ഷണിതാവുമാണ്. അദ്ധ്യാപികയും ഗവേഷണ വിദ്യാര്‍ത്ഥിനിയുമായ നിനിത കണിച്ചേരിയാണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവര്‍ മക്കള്‍.

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ.ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള എന്നിവരടങ്ങുന്ന ടീം പുരസ്കാര സമര്‍പ്പണത്തിന്റെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു.